Skip to main content

കുടുംബശ്രീയുടെ 'നമത്ത് തീവനഗ' ബോധവത്ക്കരണ യാത്ര നാളെ കോട്ടയത്ത്

- ചെറുധാന്യ ഉത്പന്നപ്രദർശന ബോധവത്ക്കരണ യാത്ര

കോട്ടയം: കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അന്തർദേശീയ ചെറുധാന്യ വർഷത്തോടനുബന്ധിച്ച് ചെറുധാന്യ ഉത്പന്ന പ്രദർശന ബോധവൽക്കരണ യാത്ര 'നമത്ത് തീവനഗ' (നമ്മുടെ ഭക്ഷ്യവൈവിധ്യം)
നാളെ (ശനിയാഴ്ച, സെപ്റ്റംബർ 23) കോട്ടയത്തെത്തും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചെറുധാന്യ ഉത്പന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാകളക്ടർ വി. വിഗ്നേശ്വരി ആദ്യ വിപണനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. അട്ടപ്പാടിയിൽ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന തനതുചെറു ധാന്യങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്.
മേളയിൽ വിവിധ വിത്ത് ഇനങ്ങളുടെ പ്രദർശനം, അട്ടപ്പാടിയിലെ വിവിധതര ചെറുധാന്യങ്ങളുടെ 32 ഓളം വരുന്ന മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, വനമേഖലയിലെ തനത് രുചികൂട്ടുകളുമായി വനസുന്ദരി ഉൾപ്പെടെയുളള വിഭവങ്ങളുടെ ഭക്ഷണ മേള, പോഷകാഹാര മേള, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.
അട്ടപ്പാടിയിൽ കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലൂടെ ഉല്പാദിപ്പിച്ച മില്ലറ്റുകളും മൂല്യവർധിത ഉത്പന്നങ്ങളും മിതമായ വിലയിൽ മേളയിൽ ലഭ്യമാകും. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും റാഗി, ചാമ, വരഗ്, ചോളം, കംബി, തിന, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും മേളയിൽ ലഭ്യമാകും.
പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ  പുഷ്പാമണി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെസി ഷാജൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരായ പ്രകാശ് ബി. നായർ, മുഹമ്മദ് ഹാരിസ് എന്നിവർ പ്രസംഗിക്കും.

 
 

date