Skip to main content

ആയുഷ്മാൻ ഭവ: സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ   ശനിയാഴ്ചകളിൽ വിദഗ്ധ മെഡിക്കൽ ക്യാമ്പ്  

-ശനിയാഴ്ച (സെപ്റ്റംബർ 23) മുതൽ തുടക്കം

കോട്ടയം: വിവിധ ആരോഗ്യസേവനങ്ങളിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 'ആയുഷ്മാൻ ഭവ' കാമ്പയിന്റെ ഭാഗമായുള്ള വിദഗ്ധ മെഡിക്കൽ ക്യാമ്പുകൾ ശനിയാഴ്ച (സെപ്റ്റംബർ 23) ആരംഭിക്കും. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിന്റെയും ജനറൽ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെയും വിദഗ്ധ ഡോക്ടർമാരുടെ നേത്യത്വത്തിൽ 19 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശനിയാഴ്ചകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ നടക്കുന്ന ക്യാമ്പുകളിൽ ഗൈനക്കോളജി, ശിശുരോഗം, സർജറി, ഇ.എൻ.റ്റി, നേത്രരോഗം, മനോരോഗം തുടങ്ങിയ സ്‌പെഷാലിറ്റി ഡോക്ടർമാർ പങ്കെടുക്കും.  
അതിരമ്പുഴ, കറുകച്ചാൽ, കുറിച്ചി, തോട്ടയ്ക്കാട്, വാകത്താനം, എരുമേലി, കൂട്ടിക്കൽ, മുണ്ടക്കയം, പൈക, അയർക്കുന്നം, കുമരകം, തലപ്പാടി, ഇടമറുക്, കടപ്ലാമറ്റം, കൂടല്ലൂർ, രാമപുരം, ഉള്ളനാട്, അറുനൂറ്റിമംഗലം, ഇടയാഴം എന്നീ സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ക്യാമ്പുകൾ നടക്കും. ഇതേ ദിവസങ്ങളിൽ ജനകീയ ആരോഗ്യകേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം, നഗര ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവിതശൈലി രോഗനിർണയ സൗകര്യവും ചികിത്സയും സംഘടിപ്പിക്കും.
ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ 23 നു രാവിലെ ഒമ്പതിന് പനമ്പാലം കോലേട്ടമ്പലം ഓഡിറ്റോറിയത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിക്കും.  ഗവൺമെന്റ് മെഡിക്കൽ കോളജ്, ജനറൽ, താലൂക്ക് ആശുപത്രികളിലെ വിവിധ വിദഗ്ധ ഡോക്ടർമാരുടെ സഹകരണത്തോടെ ഗ്രാമീണതലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിവാര ആരോഗ്യമേളയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു.

 

date