Skip to main content

ഭിന്നശേഷി കുട്ടികള്‍ക്കായി പുനരധിവാസ ഗ്രാമങ്ങള്‍ സ്ഥാപിക്കും:മന്ത്രി ഡോ.ആര്‍.ബിന്ദു

മുഴുവന്‍ സമയ പരിചരണം ആവശ്യമായ ഭിന്നശേഷി കുട്ടികളെ പുനരധിവസിപ്പിക്കാനായുള്ള പുനരധിവാസ ഗ്രാമങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു.  ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ ഇതിനായി സ്ഥലം കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റീജിയണല്‍ ഏര്‍ളി ഇന്റെര്‍വെന്‍ഷന്‍ ആന്‍ഡ് ഓട്ടിസം സെന്ററിന്റെ അഞ്ചാം വാര്‍ഷികവും കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടുകൂടി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലാണ്  പദ്ധതി നടപ്പിലാക്കി വരുന്നത്.

ഭിന്നശേഷി കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹ്യ പുനരധിവാസത്തിനും സാധിക്കുന്ന പരിശീലനം നല്‍കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൊണ്ടുവന്ന് വിദ്യാഭ്യാസവും തൊഴിലും ചെയ്യാന്‍ കഴിവുള്ളവരാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് വജ്രജൂബിലി അലൂമിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്.എ.റ്റി ആശുപത്രി ശിശുരോഗ വിഭാഗം ബിഹേവിയറല്‍ പീഡിയാട്രിക്‌സ് യൂണിറ്റില്‍ 2018 മുതലാണ്‌റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളും ഓട്ടിസം സെന്ററുകളും  പ്രവര്‍ത്തിച്ചു തുടങ്ങിയത്. ശിശുരോഗ വിഭാഗം പ്രൊഫസറും ശിശു മാനസിക ആരോഗ്യ വിദഗ്ധനും, ബിഹേവിയറല്‍ പീഡിയാട്രിക് യൂണിറ്റ് മേധാവിയുമായ ഡോ.ആര്‍. ജയപ്രകാശ് നോഡല്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഈ സെന്ററില്‍ കുട്ടികളുടെ വികാസവൈകല്യ പ്രശ്‌നങ്ങളായ ഓട്ടിസം, ഭിന്നശേഷി, സംസാര വൈകല്യം, ശ്രവണവൈകല്യം, പഠനവൈകല്യം, സ്വഭാവവൈകല്യം,മാനസിക വൈകാരിക രോഗങ്ങളായ ഉത്ക്കണ്ഠാരോഗം, വിഷാദരോഗം എന്നിവയ്ക്ക് വിദഗ്ദ്ധ സേവനം നല്‍കുന്നുണ്ട്. കോര്‍ട്ടിക്കല്‍ വിഷ്വല്‍ ഇപയര്‍മെന്റ്, മാസം തികയാതെ ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് വേണ്ട കാലേക്കൂട്ടിയുളള വിഷ്വല്‍ സ്റ്റിമുലേഷന്‍, ഡെവലപ്‌മെന്റല്‍ തെറാപ്പി, ഫിസിയോതെറാപ്പി,സ്പീച്ച് സ്റ്റിമുലേഷന്‍ എന്നീ സൗകര്യങ്ങളും ഈ സെന്ററുകളില്‍ ലഭ്യമാണ്.

വിവിധ വികാസ വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് മള്‍ട്ടി ഡിസിപ്ലിനറി തെറാപ്പി സേവനങ്ങളും നല്‍കി വരുന്നു. കൂടാതെ തെറാപ്പി സെഷനില്‍ അമ്മയെ കൂടി ഉള്‍പ്പെടുത്തി പരിശീലനം നല്‍കുന്നുമുണ്ട്. ഇതുവഴി കുട്ടികള്‍ക്ക് വീടുകളില്‍കൂടി തെറാപ്പി സേവനം ഉറപ്പുവരുത്താവുന്നതാണ്.മറ്റു സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി കുട്ടികളുടെ സ്വഭാവ, മാനസിക പ്രശ്‌നങ്ങള്‍ക്കും ഇവിടെ സേവനം നല്‍കി വരുന്നു. കുട്ടികളുടെ പഠനവൈകല്യവും പഠനത്തിലെ പിന്നാക്കാവസ്ഥയും മനസ്സിലാക്കുന്നതിന് വേണ്ടി ആവശ്യമായി വരുന്ന ബുദ്ധി നിലവാര പരിശോധന (ഐ.ക്യൂ ടെസ്റ്റ്), പഠന വൈകല്യ ടെസ്റ്റ് എന്നിവയും ഈ സെന്ററില്‍ നടത്തിവരുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ലിനെറ്റ് ജെ.മോറിസ്, ബിഹേവിയറല്‍ പീഡിയാട്രിക്‌സ് യൂണിറ്റ് ചീഫ് നോഡല്‍ ഓഫീസര്‍ ഡോ.ആര്‍ ജയപ്രകാശ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു എ, എസ്.എ.റ്റി  ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി  ഡോ.ബിന്ദു ജി എസ്  തുടങ്ങിയവരും സന്നിഹിതരായി.

date