Skip to main content

ടി.വി. പുരം ഹോമിയോ ആശുപത്രി നിർമാണം അന്തിമഘട്ടത്തിൽ

കോട്ടയം: ടി.വി. പുരം ഗ്രാമപഞ്ചായത്തിന്റെ ഹോമിയോ ആശുപത്രി കെട്ടിട നിർമാണം അന്തിമ ഘട്ടത്തിൽ. 2022-23, 2023-24 ദ്വിവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് കൊട്ടാരപ്പള്ളി വാതപ്പള്ളി ജംഗ്ഷനിൽ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിക്കുന്നത്. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിച്ചുവരുന്നത്. കൊട്ടാരപ്പള്ളി ഇടവക പള്ളി ടി.വി. പുരം ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ മൂന്നു സെന്റ് ഭൂമിയിലാണ് കെട്ടിട നിർമാണം പുരോഗമിക്കുന്നത്.
ഒ.പി, ഫാർമസി, സ്റ്റോർ റൂം, രോഗികൾക്കായുള്ള വിശ്രമമുറി എന്നിവ ഉൾപ്പെടെ 666.5 ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടമാണ് ആശുപത്രിക്കായി നിർമിക്കുന്നത്. നിലവിൽ ഒരു നില കെട്ടിടമാണ് പണിയുന്നതെങ്കിലും പിന്നീട് ഇരുനിലയായി ഉയർത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വാതപ്പള്ളിയിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറുമ്പോൾ നിലവിലെ പരിമിതികൾ മറികടന്ന് ടി.വി. പുരം നിവാസികൾക്ക് കൂടുതൽ മികച്ച ചികിത്സാസൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്ന് ടി.വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി പറഞ്ഞു.

 

date