Skip to main content

മാലിന്യ മുക്തം നവകേരളം ; പ്രവർത്തനങ്ങൾ ഊർജിതമാക്കി മൂടാടി പഞ്ചായത്ത്

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മൂടാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജനുവരി 26 ന് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്നു. സമയബന്ധിതമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. 

ജനപങ്കാളിത്തത്തോടെ വിദ്യാലയങ്ങളിൽ ശുചീകരണം സെപ്റ്റംബർ 30 നു നടക്കും. തീരദേശം, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിലായി ശുചീകരണം നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പദ്ധതി പണം ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാൻ റിംഗ് കമ്പോസ്റ്റുകൾ - സോക്പിറ്റ് കമ്പോസ്റ്റ് പിറ്റ് എന്നിവ എല്ലാ വീടുകളിലും നിർമ്മിക്കും. ഹരിത കർമസേനയെ സജീവമാക്കാൻ മെറ്റീരിയൽ കലക്ഷൻ സെൻ്റർ കൂടുതൽ വിപുലീകരിക്കും. വലിച്ചെറിയൽ തടയാൻ നിരീക്ഷണ സംവിധാനത്തിനായി സി.സി.ടി.വി ക്യാമറകൾ ജനപങ്കാളിത്തത്തോടെ സ്ഥാപിക്കും. വാർഡ്‌ തല ശുചിത്വ സമിതികൾ,സ്ഥാപന മേധാവികൾ യുവജന - ക്ലബ് ഭാരവാഹികൾ എന്നിവരുടെ യോഗങ്ങളും ഈ ആഴ്ച നടക്കും. നന്തിയിൽ പൊതു ശൗചാലയം സ്ഥാപിക്കാനും പദ്ധതി തയാറാക്കിയിട്ടുള്ളതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ അറിയിച്ചു.

പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ, സ്ഥിരം സമിതി അധ്യക്ഷമാരായ എം.കെ.മോഹനൻ,എം.പി.അഖില, മെമ്പർമാരായ റഫീഖ് പുത്തലത്ത്, പപ്പൻ മൂടാടി വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date