Skip to main content

'ശുചിത്വം-സുന്ദരം ബാലുശ്ശേരി' : സമ്പൂർണ്ണ മാലിന്യ മുക്തമാക്കാൻ കർമ്മപദ്ധതി

 

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരിയെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കാൻ കർമ്മ പദ്ധതി രൂപീകരിച്ചു. ഒക്ടോബർ 10 വരെ വീടുകളും സ്ഥാപനങ്ങളും പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളും പാതയോരങ്ങളും സമ്പൂർണ്ണ മാലിന്യമുക്തമാക്കും. ഒക്ടോബർ രണ്ടിനകം മുഴുവൻ സ്ഥാപനങ്ങളും  സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ ശുചീകരിക്കും. മുഴുവൻ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനും ജൈവമാലിന്യം സംസ്കരണം ഏർപ്പെടുത്തുന്നതിനും നിർദ്ദേശം നൽകും.

ഒക്ടോബർ രണ്ടിന്  പഞ്ചായത്തിലെ അങ്ങാടികളും പാതയോരങ്ങളും പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും. വീടുകളും സ്ഥാപനങ്ങളും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് സംവിധാനമേർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.

അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം 100 ശതമാനം ആക്കുന്നതിന് യൂസർഫീ നൽകാത്ത വീടുകൾ, സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. വീടുകളിലെ മലിനജല സംസ്കരണത്തിന് സോക് പിറ്റ് ഉറപ്പ് വരുത്തും. വാർഡുകളെ മാലിന്യമുക്ത വാർഡുകളായി പ്രഖ്യാപിക്കുന്നതിന് ഒക്ടോബർ ഒന്ന് മുതൽ 10 വരെ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തും.

വിദ്യാലയങ്ങളിൽ ഹരിതവിദ്യാലയം, മാലിന്യ സംസ്കരണം ഉറപ്പാക്കൽ എന്നിവ നടപ്പിലാക്കുന്നതിന് വെള്ളിയാഴ്ച (സെപ്റ്റംബർ 29) സ്കൂളുകളുടെ യോഗം ചേരും. പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കും. വാർഡ് തലത്തിൽ ഹരിതകർമ്മസേനയോടൊപ്പം ഒരു ദിനം സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, എൻ. എസ്. എസ് വളണ്ടിയർമാർ മുതലായവരുടെ നേതൃത്വത്തിൽ വീടുകളിലെത്തും.

മുഴുവൻ കുടുംബശ്രീ അംഗങ്ങളും ഹരിതകർമ്മസേനയ്ക്ക്  അജൈവ പാഴ് വസ്തുക്കളും യൂസർഫീയും നൽകുന്നുണ്ടെന്ന സാക്ഷ്യപത്രം സി ഡി എസ് ഉറപ്പാക്കും. മുഴുവൻ കടകളും ലൈസൻസ് എടുക്കുന്നതിനും ഹരിതകർമ്മസേനയ്ക്ക് യൂസർഫീ നൽകുന്നതിനും നടപടി സ്വീകരിക്കും. തുടർന്ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കും.

date