Skip to main content

സ്വച്ഛതാ പക്വഡ-സ്വച്ഛതാ ഹി സേവ 2023 ക്യാമ്പയിന്‍: ഒക്ടോബര്‍ ഒന്നിന് ഒരു മണിക്കൂര്‍ ശുചീകരണം

സ്വച്ഛതാ പക്വഡ-സ്വച്ഛതാ ഹി സേവ 2023 ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുജനങ്ങളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. നഗരസഭയില്‍ ഒരു വാര്‍ഡിലെ രണ്ടു സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡില്‍ ഒരു സ്ഥലത്തുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തികളും www.swachhatahiseva.com എന്ന സ്വച്ഛതാ ഹി സേവ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യും. തങ്ങളുടെ പ്രദേശത്ത് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുന്നതിനും താത്പര്യമുള്ള ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാനും ഈ സംവിധാനം ഉപയോഗിക്കാം. പരമാവധി ആളുകളെ അണിനിരത്തി സന്നദ്ധ സേവനത്തിലൂടെ പൊതുഇടങ്ങളില്‍ പ്രകടമായ വൃത്തിവരുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയതയായി ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത് അറിയിച്ചു.

date