Skip to main content
ജലസംരക്ഷണപ്രവർത്തനങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് ജില്ലാ ജലസംരക്ഷണ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ ശില്പശാല.

ജലസംരക്ഷണപ്രവർത്തനങ്ങളുടെ അവതരണം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന ജലസംരക്ഷണപ്രവർത്തനങ്ങളുടെ അവതരണവുമായി ബന്ധപ്പെട്ട് ഏകദിന ശില്പശാല നടത്തി. ജില്ലാ ജലസംരക്ഷണ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിലായിരുന്നു ശില്പശാല. ജില്ലയിൽ നടപ്പാക്കുന്നതും നടപ്പാക്കാനുദ്ദേശിക്കുന്നതുമായ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. നീരുറവ്, ജലബജറ്റ്, പശ്ചിമമഘട്ട മേഖലയിലെ നീർച്ചാലുകളുടെ സംരക്ഷണം, ജലഗുണ നിലവാരപരിശോധന ലാബ്, നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്നീ പദ്ധതികൾ ജില്ലയിൽ പുരോഗമിക്കുന്നു. മാർച്ചോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജലബജറ്റ് പൂർത്തിയാക്കും. സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 30 പഞ്ചായത്തുകളിൽ നീർച്ചാലുകളുടെ മാപ്പിങ് പൂർത്തീകരിച്ചു. മാപ്പത്തോൺ പൂർത്തീകരിച്ച പഞ്ചായത്തുകളിൽ അവതരണം നടത്തി, നീരുറവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തൊഴിലുറപ്പുപദ്ധതിയുമായി സഹകരിച്ച് പഞ്ചായത്തുകളിൽ നടത്തും. ഈരാറ്റുപേട്ട ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിൽ ജലബജറ്റ് പൂർത്തീകരിച്ചു. ജലഗുണനിലവാര പരിശോധന ലാബിനായി ജില്ലയിൽ 69 സ്‌കൂളുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. നെറ്റ് സീറോ കാർബൺ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടമായി അഞ്ചു പഞ്ചായത്തുകളിൽ സർവേ പൂർത്തീകരിച്ചു. ജില്ലാ ഉദ്യോഗസ്ഥരും ജില്ലാ ജലസംരക്ഷണ സാങ്കേതികസമിതി അംഗങ്ങളും ശില്പശാലയിൽ പങ്കെടുത്തു.
തിടനാട് ഗ്രാമപഞ്ചായത്തിൽ ജലബജറ്റ്, മാപ്പത്തോൺ എന്നിവയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളും കണ്ടെത്തലുകളും ചർച്ച ചെയ്തു. ഭൂജലവകുപ്പ്, കാലാവസ്ഥ വകുപ്പ്, കൃഷി, മണ്ണ് സംരക്ഷണം, ജില്ലാ പ്ലാനിംഗ് ഓഫീസ്, മണ്ണ് പര്യവേക്ഷണം, മേജർ ഇറിഗേഷൻ, വകുപ്പുകളിലെ ഉദ്യോഗസ്ഥർ ആസൂത്രണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എസ്. മഞ്ജു, നവകേരളം കർമ്മപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഐസക് എന്നിവർ സംസാരിച്ചു.

 

 

date