Skip to main content

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളം ലഭ്യമാക്കും: മന്ത്രി റോഷി അ​ഗസ്റ്റിൻ

 

കേരളത്തിലെ ശേഷിക്കുന്ന കുടുംബങ്ങളിൽ സമ്പൂർണ്ണമായി ഗ്രാമീണ കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ. കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 14 .5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും 64 .4 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയുടെയും നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
 സംസ്ഥാന സർക്കാർ ഭരണത്തിൽ വരുമ്പോൾ  17 ലക്ഷം കുടുംബങ്ങളിൽ ​ഗ്രാമീണ കുടിവെള്ളം കൊടുക്കാൻ കഴിഞ്ഞു. ഇത് ഒന്നര വർഷത്തിനുള്ളിൽ 38 ലക്ഷമാക്കി ഉയർത്താൻ സാധിച്ചു. വരുന്ന രണ്ട് വർഷത്തിൽ ശേഷിക്കുന്ന കുടുംബങ്ങളിലും സമ്പൂർണ്ണമായി കുടിവെള്ളം കൊടുക്കാൻ ടെൻഡർ ചെയ്ത് കഴിഞ്ഞു. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്നത് ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. പയ്യോളി നഗരസഭാ തീരദേശ 
കൊയിലാണ്ടി ന​ഗരസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാ​ഗമായി 318 കോടിയോളം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഡിസ്ട്രി ബ്യൂഷൻ ലെെൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി 120 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ അമൃത് സ്കീം രണ്ടാം ഘട്ടത്തിനായി 22 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. പയ്യോളി, കൊയിലാണ്ടി ന​ഗരസഭാ പ്രദേശങ്ങളിലും ശേഷിക്കുന്ന പഞ്ചായത്തുകളിലും നല്ല രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികളാണ് പുരോ​ഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കാപ്പാട് തീര സംരക്ഷണത്തിനായി കേന്ദ്ര ഏജൻസിയായ നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ചിൻ്റെ നേതൃത്വത്തിൽ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.  ഇതിൻ്റെ അടിസ്ഥാനത്തിൽ ഡി പി ആർ തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പയ്യോളി നഗരസഭയിൽ ഉൾപ്പെടുന്ന തീര പ്രദേശങ്ങളിലെ ഒന്നും രണ്ടും കൂടാതെ, 22 മുതൽ 36 വരെയും ഉള്ള 17 വാർഡുകളിലെ നിവാസികൾക്ക് കുടിവെള്ളം നൽകുന്നതിന് സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പയ്യോളി തീരദേശ കുടിവെള്ള പദ്ധതി. പെരുവണ്ണാമൂഴി ഡാം റിസെർവോയറിൽ ജിക്കി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കിണറും അതിനോടനുബന്ധിച്ചുള്ള 174 ദശലക്ഷം ലിറ്റർ ഉൽപാദന ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുമാണ് പദ്ധതിയുടെ സ്രോതസ്സ്. പദ്ധതിയുടെ ഭാഗമായി പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ കോമ്പൗണ്ടിൽ 14.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത തല ജല സംഭരണി നിർമ്മിക്കും. ഇതിൽ ശുദ്ധജലം എത്തിച്ചാണ് പദ്ധതി പ്രദേശത്തു ജല വിതരണം നടത്തുക. തീരദേശ മേഖലയിലെ 4575 കുടുംബങ്ങളിലുള്ളവർക്ക്  പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ഇതിന് 41 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഡബ്ല്യൂ.എ സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.കെ ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. 

നഗരസഭാ വെെസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം ഹരിദാസൻ, മഹിജാ എളോടി, സുജല ചെത്തിൽ, കെ.ടി വിനോദൻ, നഗരസഭാംഗങ്ങൾ, കേരളാ വാർട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫ്, മുൻ എം.എൽ.എ കെ ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ വി.കെ അബ്ദു റഹിമാൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ.സി ബാബുരാജ് നന്ദിയും പറഞ്ഞു.

date