Skip to main content

സംസ്ഥാനത്ത്  ഒൻപത് മലിനജല ശുചീകരണ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യും: മന്ത്രി എം ബി രാജേഷ്

 

അടുത്ത മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഒൻപത് മലിന ജല ശുചീകരണ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തായി കോർപ്പറേഷൻ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി  നിർമ്മിച്ച മലിന ജല സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മലിന ജല സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചത് വഴി മാലിന്യ മുക്ത നവ കേരളത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്. 
മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്താനായി നിയമഭേദഗതി കൊണ്ടുവരുമെന്നും പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി ചെയ്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.  അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ കൈ പൊള്ളുമെന്നും നിയമം കർശനമാക്കുമെന്നും മാലിന്യ മുക്ത പ്രതിജ്ഞയുടെ ഗൗരവം എല്ലാവരും ഉൾകൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ , എളമരം കരീം എംപി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി റിപ്പോർട്ട് അവതരിപ്പിച്ചു. അമൃത് മിഷൻ ഡയരക്ടർ അലക്സ് വർഗീസ്, കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ , വാർഡ് കൗൺസിലർ കെ മോഹനൻ , മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ അശോകൻ ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി  മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ശ്രീ ജയൻ നന്ദിയും പറഞ്ഞു.

date