Skip to main content

ഇക്കാടൂറിസം ഡയറക്ടറേറ്റ് രൂപീകരണനടപടികള്‍ ത്വരിതപ്പെടുത്തും: മന്ത്രി കെ ശശീന്ദ്രന്‍

ഇക്കോടൂറിസം പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ . കുളത്തൂപ്പുഴ വനം മ്യൂസിയം ഹാളില്‍ ചേര്‍ന്ന കേരള നിയമസഭയുടെ വനം-പരിസ്ഥിതി-വിനോദസഞ്ചാരം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തിലെ 69 ടൂറിസം കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തുന്നതിനും വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഡയറക്ടറേറ്റ് രൂപീകരണം സഹായകരമാകും. ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.

വനംവകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട ഇക്കോ ടൂറിസം പദ്ധതികളുടെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിനും അടുത്തുള്ള മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ടുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും മാസ്റ്റര്‍ പ്ലാനിനൊപ്പം വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. വനാശ്രിത സമൂഹത്തെ കൂടി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാക്കണമെന്ന് യോഗത്തില്‍ സംസാരിച്ച പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് മുന്തിയ പരിഗണന നല്‍കണം.

നിലവിലെ 69 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമേ പുതിയ കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നും ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ മലമേല്‍ ടൂറിസം അടക്കമുള്ള ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലേക്ക് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ ആനക്കൂട്, അടവി തുടങ്ങിയവയുടെ രണ്ടാംഘട്ട വികസന പദ്ധതികള്‍ക്ക് തുടര്‍ച്ച ഉണ്ടാകണമെന്ന് കെ യു ജിനീഷ് കുമാര്‍ എം എല്‍ എ ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന തരത്തില്‍ ടൂറിസം റിസോര്‍ട്ടുകളിലെ നിരക്ക് ക്രമീകരിക്കണമെന്ന് സി കെ ഹരീന്ദ്രന്‍ എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു. ടൂറിസം പഠന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍ക്കൊള്ളിച്ച് ഭാവി തലമുറയെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും നടപടി ഉണ്ടാകണമെന്നും സി കെ ഹരീന്ദ്രന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍ ചന്ദ്രശേഖര്‍, ചീഫ് ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍ കമലാഹാര്‍, ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായി.

date