Skip to main content
ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് നിര്‍മ്മിച്ച കോരയാര്‍പുഴ-കൊളയക്കോട് റോഡിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു.

കോരയാര്‍പുഴ-കൊളയക്കോട് റോഡ്: സംരക്ഷണ പ്രവൃത്തികള്‍ക്ക് 50 ലക്ഷം അനുവദിച്ചെന്ന് മന്ത്രി സജി ചെറിയാന്‍ കോരയാര്‍പുഴ-കൊളയക്കോട് റോഡ് ഉദ്ഘാടനം ചെയ്തു

കോരയാര്‍പുഴ-കൊളയക്കോട് റോഡ് വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് നിര്‍മ്മിച്ച കോരയാര്‍പുഴ-കൊളയക്കോട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 25 വര്‍ഷം മുന്‍പ് സംസ്ഥാനം ആരംഭിച്ച ജനകീയ ആസൂത്രണ പദ്ധതികളാണ് കേരളത്തില്‍ ഗ്രാമീണ റോഡുകള്‍ ശക്തമാക്കിയത്. ഒരു ഹൈവേ നിര്‍മ്മിക്കുന്നതിനേക്കാള്‍ ആവേശത്തോടെയാണ് ഓരോ ഗ്രാമീണ റോഡ് നിര്‍മ്മാണവും ജനം ഏറ്റെടുക്കുന്നത്. ജനകീയ ആസൂത്രണ പദ്ധതികളിലൂടെ ലഭിച്ച ആര്‍ജ്ജവമാണ് നവകേരളം പദ്ധതിയിലൂടെ സംസ്ഥാനം ഇതുവരെ ഏറ്റെടുക്കാന്‍ മടിച്ച വലിയ പദ്ധതികള്‍ പോലും ഏറ്റെടുത്ത് നടപ്പാക്കാനുള്ള ഊര്‍ജ്ജമായത്.
മലമ്പുഴയില്‍ വലിയ വികസന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മലമ്പുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മലമ്പുഴ ഫെസ്റ്റ് പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. ഇതിന് സാംസ്‌കാരിക വകുപ്പ് സഹായം നല്‍കും. പാലക്കാട് ജില്ലയില്‍ കൂടുതല്‍ മത്സ്യ കര്‍ഷകരെ വളര്‍ത്തിയെടുക്കുന്ന നടപടികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് കോരയാര്‍പുഴ-കൊളയക്കോട് റോഡ് പൂര്‍ത്തീകരണമെന്നും മന്ത്രി പറഞ്ഞു. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം എം. പത്മിനി, പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അജീഷ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി രാജീവ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. രാജേഷ് പ്രസംഗിച്ചു.
 

date