Skip to main content
സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മലമ്പുഴ ശുദ്ധജല അക്വേറിയം സന്ദര്‍ശിക്കുന്നു.

നിലവിലുള്ള മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്തി മലമ്പുഴ ശുദ്ധജല അക്വേറിയം നവീകരിക്കണം: മന്ത്രി സജി ചെറിയാന്‍ മലമ്പുഴ ശുദ്ധജല അക്വേറിയം സന്ദര്‍ശിച്ചു

നിലവിലുള്ള മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്തി സോളാര്‍ സ്ഥാപിച്ച് മലമ്പുഴ ശുദ്ധജല അക്വേറിയം ആധുനിക രീതിയില്‍ നവീകരിക്കണമെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മലമ്പുഴ ഡാമിലെ ശുദ്ധജല അക്വേറിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അക്വേറിയം നവീകരിച്ച് കൂടുതല്‍ മത്സ്യങ്ങളെ ഉള്‍പ്പെടുത്തി ജനങ്ങളെ ആകര്‍ഷിക്കുംവിധം വികസിപ്പിച്ചെടുക്കണം. സാമ്പത്തിക വരുമാനം ഉണ്ടാക്കുന്ന രീതിയില്‍ മനോഹരമാക്കണം. സോളാര്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല തീരദേശ വികസന കോര്‍പ്പറേഷനെ ഏല്‍പ്പിച്ചിട്ടുണ്ട്. പഴയ അക്വേറിയത്തില്‍ ഡിസ്പ്ലേ മാറ്റി, എ.സി സ്ഥാപിച്ചു കൊണ്ടുള്ള നവീകരണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നും മന്ത്രി ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കി.
തുടര്‍ന്ന് മത്സ്യ വിത്തുത്പാദന കേന്ദ്രവും ഫിഷറീസ് ജില്ലാ ഓഫീസും പരിശീലന കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. മത്സ്യ വിത്തുത്പാദന കേന്ദ്രം, ഫിഷറീസ് ജില്ലാ ഓഫീസ്, പരിശീലന കേന്ദ്രം എന്നിവ അടിയന്തരമായി നവീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഹാച്ചറിയിലെ മത്സ്യ വിത്ത് ഉത്പാദനം വര്‍ധിപ്പിക്കണം. നിലവിലുള്ള കുളങ്ങളിലെ ചോര്‍ച്ച ഇല്ലാതാക്കി, ഇഴജന്തുക്കള്‍ ഇറങ്ങാത്ത രൂപത്തില്‍ ഫെന്‍സിങ് ചെയ്യണം. മുഴുവന്‍ സ്ഥലവും എടുത്ത് പുതുതായി കുളങ്ങള്‍ നിര്‍മ്മിച്ച് മത്സ്യ വിത്ത് ഉത്പാദനം വര്‍ധിപ്പിക്കണം. മലമ്പുഴ മത്സ്യവിത്തുത്പാദന കേന്ദ്രത്തിന് സമീപം പുതിയ കാന്റീന്‍ നിര്‍മ്മാണം, മത്സ്യവിതരണത്തിനായി പുതിയ ലോറി വാങ്ങല്‍, ഫിഷറീസ് വകുപ്പിന്റെ സ്ഥാപനങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനതല ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനും നിര്‍ദേശം നല്‍കി.
ഫിഷറീസ് ജില്ലാ ഓഫീസിലേക്കുള്ള പുതിയ റോഡ് നിര്‍മ്മാണം ആരംഭിക്കണമെന്നും ഓഫീസ് കെട്ടിടം നവീകരിച്ച് ആധുനികരീതിയിലാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് നാനാഭാഗങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ താമസിച്ചുകൊണ്ട് പൂര്‍ണസമയവും പരിശീലനം ലഭിക്കുന്ന രീതിയിലുള്ള സംവിധാനം ഒരുക്കണം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും താമസിക്കുന്നതിന് പ്രത്യേക സജ്ജീകരണം ഉണ്ടായിരിക്കണം. നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ സോളാര്‍ സ്ഥാപിച്ച് വൈദ്യുതി ലാഭിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മലമ്പുഴ ശുദ്ധജല അക്വേറിയം, മത്സ്യവിത്തുത്പാദന കേന്ദ്രം, ഫിഷറീസ് ജില്ലാ ഓഫീസ്, പരിശീലന കേന്ദ്രം എന്നിവയുടെ സമഗ്ര വികസനത്തിനായി രൂപരേഖ തയ്യാറാക്കി ഒരു മാസത്തിനകം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
നടപ്പുസാമ്പത്തിക വര്‍ഷം 1.5 കോടി മത്സ്യകുഞ്ഞുങ്ങളെ മലമ്പുഴയിലെ ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ 1.2 കോടി മത്സ്യക്കുഞ്ഞുങ്ങളെ വില്‍പന നടത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ മജീദ് അറിയിച്ചു. സന്ദര്‍ശന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാരായ എച്ച്. സലീം, എസ്. മഹേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ രാജേഷ്, എസ്. ചന്ദ്രലേഖ, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.ടി രാജീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാമകൃഷ്ണന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date