Skip to main content

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഊഷ്മളമായ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ഒളപ്പമണ്ണ*: മന്ത്രി സജി ചെറിയാന്‍ 'വരിനെല്ല്' സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഊഷ്മളമായ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ഒളപ്പമണ്ണയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 'വരിനെല്ല്' സാംസ്‌കാരിക പരിപാടി പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പുള്ളി എം.എസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കവിതയും സാംസ്‌കാരിക ജീവിതവും ഒരു ലഹരിയായി കൊണ്ടു നടന്ന ഒളപ്പമണ്ണ കേരളത്തിന്റെയും വള്ളുവനാടിന്റെയും പാരമ്പര്യ വിശേഷങ്ങള്‍ കവിതയിലേക്ക് ആവാഹിച്ച കവിയാണ്. ഒറ്റവാക്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തെ ചുരുക്കാന്‍ സാധിക്കില്ല. ഒരേ സമയം ഒരുപാട് വേഷങ്ങള്‍ ഉള്‍ക്കൊണ്ട ഒരു ബഹുവചനമാണ് അദ്ദേഹം. കവി, സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നായകന്‍, ഭരണാധികാരി തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കലാമണ്ഡലം ചെയര്‍മാന്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. തന്റേതായ ശൈലിയിലൂടെ അദ്ദേഹം മലയാളത്തിന്റെ കാവ്യവഴിയിലൂടെ സഞ്ചരിച്ചു.
 
വൈലോപ്പിള്ളി, ജി. ശങ്കരപ്പിള്ള, വള്ളത്തോള്‍, ചങ്ങമ്പുഴ, പ്രേംജി, എം.ആര്‍.ബി. തുടങ്ങിയവരുമായുള്ള സമ്പര്‍ക്കം ഒളപ്പമണ്ണയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. പ്രസിദ്ധമായ നങ്ങേമകുട്ടി എന്ന കവിത സമൂഹത്തില്‍ നിന്നിരുന്ന പ്രതിലോമ സദാചാര ബോധത്തിന് എതിരായ കൊടുങ്കാറ്റായിരുന്നു.  സമുദായത്തില്‍ നിലനിന്നിരുന്ന തെറ്റായ കാര്യങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. അതുകൊണ്ട് തന്നെയാണ് സാമൂഹിക പരിഷ്‌കരണത്തിന്റെ സന്ദേശം എപ്പോഴും ഉള്ളില്‍ വഹിച്ച മഹാകവി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വര്‍ത്തമാനകാലത്ത് വളരെയേറെ പ്രാധാന്യത്തോടെ ജനസമൂഹം ചര്‍ച്ച ചെയ്യുന്ന സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവുമുള്ള സാമൂഹികവും രാഷ്ട്രീയ ജീവിതങ്ങളും അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലിലൂടെ ഇന്ന് സഞ്ചരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും മേഖലകളിലൂടെ സഞ്ചരിച്ചു പോകുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ഭയത്തോടെ ഒരു സമൂഹം നിന്നിരുന്ന കാലത്ത് അതിനെ ചോദ്യം ചെയ്ത മഹാകവിയായിരുന്നു ഒളപ്പമണ്ണ. ഓരോ കവിതയും സമകാലിക ജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങളാണ്. അദ്ദേഹത്തിന്റെ ജന്‍മശതാബ്ദി ആഘോഷിക്കുന്ന ഈ  വേളയില്‍ കഴിഞ്ഞ സര്‍ക്കാര്‍ പെരിങ്ങോട്ടുകുറിശ്ശിയില്‍ സാധ്യമാക്കിയ ഒളപ്പമണ്ണ സ്മാരകത്തെ അഭിമാനത്തോടെയാണ് കാണുന്നത്.

നാഷണല്‍ ഹൈവേ, തീരദേശ ഹൈവേ, ഗ്യാസ് ലൈന്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ സര്‍ക്കാരാണ് ഇന്നുള്ളത്. ഓരോ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുകയാണ്. അടുത്ത 25 വര്‍ഷത്തിനുശേഷം നടത്തേണ്ട കാര്യങ്ങളെല്ലാം ഇന്ന് നടക്കുന്നുവെന്നും മാറിയ ലോകത്തോടൊപ്പം സഞ്ചരിക്കണമെന്നും മന്ത്രി പറഞ്ഞു. ഒളപ്പമണ്ണയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും സര്‍ക്കാര്‍ സ്മാരകത്തിനായി ഒരു നിശ്ചിത തുക മാറ്റി വെക്കും. ഒളപ്പമണ്ണ സാംസ്‌ക്കാരിക മന്ദിരത്തിന് സര്‍ക്കാരിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കേരളകുമാരി, സെക്രട്ടറി ഹരിമോഹന്‍ ഉണ്ണികൃഷ്ണന്‍, ഒളപ്പമണ്ണയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 
 

date