Skip to main content

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്: നാല് പരാതികള്‍ തീര്‍പ്പാക്കി

 

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 12 പരാതികള്‍ പരിഗണിച്ചു.

സര്‍ട്ടിഫിക്കറ്റുകളും ഫീസിനത്തില്‍ അടച്ച തുകയും തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷനു മുന്നില്‍ പരാതിയുമായി എത്തിയ പറവൂര്‍ സ്വദേശിയുടെ പരാതിക്കും പരിഹാരമായി. ഹോളി ഗ്രേസ് പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന പരാതിക്കാരന്‍ മറ്റൊരിടത്ത് അഡ്മിഷന്‍ കിട്ടിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് മാറിയിരുന്നു. സര്‍ട്ടിഫിക്കറ്റുകളും ഫീസിനത്തില്‍ അടച്ച തുകയും തിരിച്ച് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

ഫാക്ടില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി  സമര്‍പ്പിച്ച പരാതിക്ക് പരിഹാരമായി.  എല്ലാ അനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

വ്യക്തിയില്‍ നിന്നു നേരിടുന്ന അക്രമവും അധിക്ഷേപവും ബോധിപ്പിച്ച് കരുമാലൂര്‍ സ്വദേശിനി കമ്മിഷന് മുന്‍പാകെ നല്‍കിയ പരാതി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. തുടര്‍ നടപടികള്‍ കോടതി വഴി നടക്കും.

അര്‍ഹതപ്പെട്ട ഭൂമിക്ക് കരം തീര്‍ത്തു കിട്ടണം എന്ന് ആവശ്യപ്പെട്ട്  ആലുവ സ്വദേശി നല്‍കിയ പരാതിക്ക് പരിഹാരമായി. കടം തീര്‍ത്തു നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

സിറ്റിംഗില്‍ ന്യൂനപക്ഷ കമ്മിഷന്‍ അംഗങ്ങളായ എ. സെയ്ഫുദീന്‍, പി. റോസ തുടങ്ങിയവര്‍ പരാതികള്‍ കേട്ടു.

date