Skip to main content

റബർ ടാങ്കർ അപകടം ;  സമീപപ്രദേശത്തെ കിണറുകളിൽ മലിനീകരണ സാധ്യത: ഡി.എം.ഒ.

കോട്ടയം: എലിക്കുളത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് അമോണിയ, ടി.എം.ടി.ഡി. എന്നീ രാസപദാർത്ഥങ്ങൾ കലർന്ന റബർ പാൽ തോട്ടിൽ കലർന്നതിനാൽ തോടിന് ഇരുവശങ്ങളിലുമുള്ള കിണറുകളിലെ വെള്ളം മലിനപ്പെടാൻ സാധ്യതയുണ്ടെന്നും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റു ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.
പ്രദേശത്തെ കുടിവെള്ള വിതരണ പദ്ധതികൾ താത്കാലികമായി നിർത്തിവയ്ക്കുകയും വെള്ളം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയശേഷം മാത്രം വിതരണം പുനരാരംഭിക്കുകയും ചെയ്യണം.
ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നുള്ള പൊതുജനാരോഗ്യസംഘം പ്രാഥമികാന്വേഷണം നടത്തി.ഏകദേശം 6000 ലിറ്റർ റബർ പാൽ തോട്ടിലെ വെള്ളത്തിൽ കലർന്നിട്ടുണ്ടെന്നാണ് നിഗമനം. റബർ പാലിൽ അമോണിയ, ടി.എം.ടി.ഡി തുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്തിരുന്നതായി കമ്പനി അധികൃതർ അറിയിച്ചു. തോട്ടിലെ വെള്ളം അകലക്കുന്നം, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി എന്നിവിടങ്ങളിലൂടെയാണ് മീനച്ചലാറ്റിൽ എത്തുക.ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ജെസി സെബാസ്റ്റ്യൻ, ടെക്‌നിക്കൽ അസിസ്റ്റന്റ്മാരായ ഇ.കെ. ഗോപാലൻ, കെ.എൻ. സുരേഷ്‌കുമാർ എന്നിവരടങ്ങിയ പൊതുജനാരോഗ്യസംഘമാണ് അന്വേഷണം നടത്തിയത്.  

 

date