Skip to main content

പാചക മത്സരത്തില്‍ കൊതിയൂറും വിഭവങ്ങളുമായി കുടുംബശ്രീ ചേച്ചിമാര്‍

ആലപ്പുഴ: കരിമീന്‍ പൊരിച്ചതും കപ്പയും കണവയുമൊക്കെയായി നാവില്‍ രുചിയൂറുന്ന വിഭവങ്ങളൊരുക്കി കുടുംബശ്രീ ചേച്ചിമാരുടെ പാചക മത്സരം. നവംബര്‍ 1 മുതല്‍ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിക്ക് മുന്നോടിയായാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പാചക മത്സരം നടത്തിയത്. ജില്ല കുടുംബശ്രീ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്.

വിഭവങ്ങളിലെ വൈവിധ്യമായിരുന്നു പാചക മത്സരത്തിന്റെ പ്രത്യേക ആകര്‍ഷണം. നാടന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഷാപ്പു കറികള്‍ മുതല്‍ ആലപ്പുഴയിലെ തനത് നാടന്‍ വിഭവങ്ങള്‍ വരെ ഇവിടെ ഒരുക്കിയിരുന്നു. ഭക്ഷണ പ്രിയര്‍ക്ക് നാവില്‍ കപ്പലോടിക്കാം വിധമായിരുന്നു ഓരോ വിഭവങ്ങളും. ആദ്യ റൗണ്ടില്‍ കരിമീന്‍ ഫ്രൈ, രണ്ടാം റൗണ്ടില്‍ കപ്പയും മീന്‍കറിയും, മൂന്നാം റൗണ്ടില്‍ തനതായ നാടന്‍ ഭക്ഷണങ്ങള്‍ എന്നീ ഇനങ്ങളാണ് പാചക മത്സരത്തിന് ഹരം പകര്‍ന്നത്. ജില്ലയിലെ 8 ബ്ലോക്കുകളില്‍ നിന്നും ഓരോ യൂണിറ്റ് വീതമാണ് മത്സരത്തില്‍ പങ്കെടുത്തത്. 

എന്‍.ജി.ഒ. ഹാളില്‍ നടന്ന മത്സരം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ലാവിഷ് ഹോട്ടല്‍ യൂണിറ്റ് ഒന്നാം സ്ഥാനവും അരൂക്കുറ്റി ദീപ എന്റര്‍പ്രൈസസ് രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക്  5000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും ട്രോഫിയുമാണ് സമ്മാനം. എ.ഡി.എം.സി. എം.ജി. സുരേഷ് സമ്മാനദാനം നിര്‍വഹിച്ചു. 

വാച്ച് ടവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പാള്‍ വിനു പാലക്കല്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ ടി.ആര്‍ സജീവ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബി.സി.മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date