Skip to main content

ലഹരിക്കെതിരെ പാട്ടുപാടി എക്സൈസ് ഉദ്യോഗസ്ഥർ

വിമുക്തി മിഷന് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന എക്‌സൈസ് വകുപ്പ് സ്‌കൂളുകളിലും കോളേജുകളിലും മറ്റും യുവതലമുറയിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ഓർക്കസ്ട്ര ടീമിന് രൂപം കൊടുത്തു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലഹരി വിരുദ്ധ ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി 'ലഹരിക്കെതിരെ സംഗീത ലഹരി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മലപ്പുറം അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ സി.കെ. അനിൽകുമാർ ട്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ്  പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളജ് ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പരപ്പനങ്ങാടി റേഞ്ച് വിമുക്തി കോർഡിനേറ്റർ സില്ല, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഫൈസൽ മാസ്റ്റർ, ഷഫീഖ് മാസ്റ്റർ, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഫാത്തിമ ഷെറിൻ എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം കോളേജ് ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങളും സിനിമാഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിച്ച ട്രൂപ്പിന്റെ ആദ്യ ഗാനമേള ഏറെ ശ്രദ്ധേയമായി. പ്രിവന്റീവ് ഓഫീസർമാരായ ബിജു, മനോജ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രോഹിണി, സിവിൽ എക്‌സൈസ് ഓഫീസർ അക്ഷയ്, എക്‌സൈസ് ഡ്രൈവർ അഭിലാഷ് എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി.

 

date