Skip to main content

പുതുപൊന്നാനി ഹൈഡ്രോഗ്രാഫിക് സർവേ: എം.എൽ.എ സ്ഥലം സന്ദർശിച്ചു

പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന മണൽതിട്ട നീക്കംചെയ്യുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ഹൈഡ്രോഗ്രാഫിക് സർവേ പുരോഗമിക്കുന്നു. കടലിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിനായി എറണാകുളം മറൈൻ സർവേയറുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. കഴിഞ്ഞ വർഷവും പഠനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് രണ്ടാംഘട്ട സർവേ. ജി.പി.എസ്, ഇക്കോ സൗണ്ടർ എന്നിവയുടെ സഹായത്തോടെ അഴിമുഖത്തിന്റെ ആഴവും അടിഞ്ഞുകൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തും. തുടർന്ന് റിപ്പോർട്ട് ബേപ്പൂർ മറൈൻ സർവേയർക്ക് കൈമാറും.
സർവേ  സ്ഥലം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് മറൈൻ സർവേയർ ഷാബി ജോസഫ്, ഫീൽഡ് അസിസ്റ്റന്റ് കെ.എച്ച് ഹണി, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എ.ഇ മാരായ അബ്ദുൾ സലിം, ജോസഫ് ജോൺ, ഓവർസിയർ അബ്ദുൾ നസീർ, ദേവൻ തുടങ്ങിയവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.

 

date