Skip to main content

കൊണ്ടോട്ടി മണ്ഡലംതല ബഹുജനസദസ്സ്: സംഘാടക സമിതി രൂപീകരിച്ചു

 നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ബഹുജനസദസ്സിൻ്റെ കൊണ്ടോട്ടി നിയോജക മണ്ഡലം സംഘാടക സമിതി യോഗം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘടനം ചെയ്തു. 

  

തലസ്ഥാനത്ത് മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥ സംവിധാനമടക്കം പൊതുജന സമക്ഷമെത്തുന്ന ബൃഹത്തായ പരിപാടിക്കാണ് തുടക്കമാവുന്നത്. സർക്കാറിന്റെ കൂട്ടായ വികസന പ്രവർത്തനങ്ങളുൾ ഉൾപ്പെടുത്തി ഭരണ സംവിധാനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിക്കുകയാണ് ബഹുജനസദസ്സിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്നും അഭിപ്രായം സ്വീകരിച്ച് കേരളത്തിലെ ഭരണചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണ് മണ്ഡലംതല ബഹുജനസദസ്സ് . ഇതിൽ നിന്നും ഒരു ജനപ്രതിനിധി പോലും വിട്ടു നിൽക്കരുതെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 കൊണ്ടോട്ടി നെടിയിരുപ്പ് അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 

 പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി.

 ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ മുഖ്യാഥിതിയായി. സബ് കളക്ടർ ശ്രീധന്യ സുരേഷ്, പട്ടികജാതി വികസന ഓഫീസർ കെ. മണികണ്ഠൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പ്രമോദ് ദാസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല പാറകണ്ടത്തിൽ, കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ മനോജ്, ഡെപ്യൂട്ടി കലക്ടർ എസ് സജീദ് , തഹസിൽദാർ അബൂബക്കർ പുലിക്കുത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

  സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പ്രമോദ് ദാസ് സഘടക സമിതി ചെയർമാനും താലൂക്ക് ഓഫീസർ അബൂബക്കർ പുലികുത്ത് ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ഒക്ടോബർ 29 ന് രാവിലെ 11 ന് കൊണ്ടോട്ടിയാലാണ് നിയോജകമണ്ഡലത്തിലെ ബഹുജനസദസ്സ് നടക്കുക.

date