Skip to main content
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരാകുറിശ്ശി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ മാലിന്യ സംസ്‌കരണ അവബോധ ക്ലാസ് നല്‍കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയ മാലിന്യസംസ്‌കരണ അവബോധ ക്ലാസ് നല്‍കി ഐ.ആര്‍.ടി.സി

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 2500 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയ മാലിന്യ സംസ്‌കരണ അവബോധ ക്ലാസ് നല്‍കി. വിവിധ ബ്ലോക്കുകളിലായി മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തിനെ സഹായിക്കുന്ന ഐ.ആര്‍.ടി.സി ഹരിതസഹായ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ 10 ഗ്രാമപഞ്ചായത്തുകളിലെ 36 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അജൈവ മാലിന്യത്തിന്റെ ശാസ്ത്രീയ പരിപാലനം, ഹരിതകര്‍മ്മ സേനയുടെയും യൂസര്‍ഫീയുടെയും ആവശ്യകത എന്നിവ സംബന്ധിച്ചായിരുന്നു ക്ലാസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫെബിന്‍ റഹ്മാന്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അഞ്ജന, അഞ്ജു കൃഷ്ണ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ആതിര, ഐശ്വര്യ, അശ്വതി, അരുണ്‍ എന്നിവര്‍ ക്ലാസെടുത്തു.
കൊഴിഞ്ഞാമ്പാറ, മരുതറോഡ്, ലക്കിടി-പേരൂര്‍, ശ്രീകൃഷ്ണപുരം, കാരാക്കുറിശ്ശി, തൃക്കടീരി, അയിലൂര്‍, മേലാര്‍കോട്, പെരുമാട്ടി, തച്ചമ്പാറ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് മാലിന്യസംസ്‌കരണ ക്ലാസുകള്‍ നല്‍കിയത്. പരിപാടിയുടെ ഭാഗമായി എന്‍.എസ്.എസ്, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, ഐ.ആര്‍.ടി.സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ഹരിതകര്‍മ്മസേനക്കൊപ്പം വാതില്‍പടി ശേഖരണത്തിനായി ഫീല്‍ഡില്‍ ഇറങ്ങുകയും എം.സി.എഫ് സന്ദര്‍ശിക്കുകയും ചെയ്തു.

date