Skip to main content

കനകക്കുന്നിൽ ഇന്ന് വിദേശവിദ്യാർഥിസംഗമം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

*33 രാജ്യങ്ങളിലെ 180 വിദ്യാർഥികൾ പങ്കെടുക്കുന്നു

           കേരളീയത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 19) വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാർഥികൾ ഒത്തുകൂടുന്നു. കേരള സർവകലാശാലയയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ 180 വിദേശവിദ്യാർഥികളാണ് കേരളീയത്തിനു മുന്നോടിയായിട്ടുള്ള സംഗമത്തിൽ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിൽ ബിരുദതലം മുതൽ ഗവേഷണം വരെയുള്ള വിദ്യാർഥികളാണ് കേരളീയത്തിന്റെ ഭാഗമാകാൻ എത്തുന്നത്.

           സംഗമത്തിന്റെ ഉദ്ഘാടനവും വിദേശ വിദ്യാർഥികൾക്കുള്ള ആദരവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ ആധ്യക്ഷം വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നിർവഹിക്കും. കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിൽ വകുപ്പും മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥി ആയിരിക്കും. 

           എംഎൽഎമാരായ ഐ. ബി. സതീഷ്, വി. കെ. പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻകേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽമീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബുകേരളീയം സ്വാഗത സംഘം കൺവീനർ എസ്. ഹരികിഷോർഎന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ഐ.പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷ് നന്ദിയും പറയും.

           തുടർന്ന് വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് കേരളത്തിലെത്തി ഉപരിപഠനം പൂർത്തിയാക്കുന്ന വിദേശരാജ്യങ്ങളിലെ വിദ്യാർഥികളുടെ സംഗമം നടത്തുന്നത്.

പി.എൻ.എക്‌സ്4951/2023

date