Skip to main content

സമപ്രായക്കാര്‍ക്കായി 400 കുട്ടിഡോക്ടര്‍മാര്‍ തയ്യാര്‍

കൗമാരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പിയര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം (കുട്ടിഡോക്ടര്‍ പരിപാടി) ജില്ലയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുത്ത 400 സ്‌കൂള്‍ കുട്ടികളുടെ പരിശീലനം പൂര്‍ത്തിയായി. കൗമാരക്കാരുടെ അടുക്കലേക്ക് പരിശീലനം ലഭിച്ച സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാര്‍ദ്ദപരമായി എത്തിച്ചേരുന്നതിനുളള പ്രത്യേക പദ്ധതിയാണ് പിയര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം. ആസൂത്രിതവും അല്ലാതെയുമുളള ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. സ്‌കുളുകളില്‍ നിന്ന് നിശ്ചിത എണ്ണം ആണ്‍കുട്ടികളേയും, പെണ്‍കുട്ടികളേയും തെരഞ്ഞെടുക്കയാണ് ആദ്യ നടപടി. കൗമാരക്കാരെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഈ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. മുതിര്‍ന്നവരോടോ, ആരോഗ്യപ്രവര്‍ത്തകരോടോ പങ്കുവെയ്ക്കാന്‍ മടിക്കുന്ന കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കി അവരെ സഹായിക്കുന്ന വിശ്വസ്ത സുഹൃത്തായി ഈ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ പ്രശ്‌നങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചുകൊണ്ടുതന്നെ വേണ്ട നിയമ-വൈദ്യ സഹായവും പിയര്‍ എഡ്യൂക്കേറ്റര്‍മാര്‍ ലഭ്യമാക്കുന്നു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസും, ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്നാണ് ജില്ലയില്‍  പരിപാടി നടപ്പാക്കുന്നത്. പരിപാടിയുടെ ഏകോപന ചുമതല രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രം ജില്ലാ നോഡല്‍ ആഫീസര്‍ ഡോ.ബിബിന്‍ സാജനാണ്.

date