Skip to main content

ട്രോമ കെയർ പരിശീലനം അടെൽകിന്റെ നേതൃത്വത്തിൽ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോർജ്

*അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകർക്കുള്ള പരിശീലനം

*നൂതന സിമുലേഷൻ സാങ്കേതികവിദ്യയിലും എമർജൻസി കെയറിലും പരിശീലകർക്കുള്ള ആദ്യ പരിശീലനം

സംസ്ഥാനത്തെ ട്രോമ കെയർ പരിശീലനം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകർക്കുള്ള പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം അടെൽകിൽ ആരംഭിച്ചു. അത്യാധുനിക സിമുലേഷൻ ബേസ്ഡ് ടീച്ചിംഗിംൽ പരിശീലകരുടെ പരിശീലർക്കുള്ള മാസ്റ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാമാണ് ആരംഭിച്ചത്. ഒക്ടോബർ 16 മുതൽ 21 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും സിമുലേഷൻ വിദഗ്ധരും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജുകളിൽ നിന്നും നഴ്സിംഗ് കോളേജുകളിൽ നിന്നുമുള്ളവർക്കാണ് പരിശീലനം നൽകിയത്.

സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും എമർജൻസി കെയറിൽ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 150 ഓളം മാസ്റ്റേഴ്സ് ട്രെയ്നർമാർക്കാണ് പരിശീലനം നൽകിയത്. നൂതന സിമുലേഷൻ ടെക്നോളജിയിലും എമർജൻസി കെയറിലും അത്യാധുനിക സങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശീലനം നൽകിയത്. മനുഷ്യ ശരീരത്തോട് സാമ്യമുള്ള അത്യാധുനിക മാനിക്വിനുകളിലായിരുന്നു പരിശീലനം. സിപിആർഎമർജൻസി കെയർ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകി. ഈ മാസ്റ്റേഴ്സ് ട്രെയിനർമാർ മറ്റ് ഡോക്ടർമാർക്കുംമെഡിക്കൽ വിദ്യാർത്ഥികൾക്കും നഴ്സുമാർക്കുംനഴ്സിംഗ് അസിസ്റ്റന്റുമാർക്കും പരിശീലനം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.5 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററിൽ വിദഗ്ധ പരിശീലനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം 15,000ലധികം പേർക്ക് സെന്ററിലൂടെ വിവിധ പരിശീലനങ്ങൾ നൽകാനായി.

           പി.എൻ.എക്‌സ്5020/2023

date