Skip to main content
നവകേരള സദസ്സിനോടനുബന്ധിച്ച് 200 ഓളം മലയോര പട്ടയങ്ങൾ നൽകും; മന്ത്രി കെ രാജൻ

നവകേരള സദസ്സിനോടനുബന്ധിച്ച് 200 ഓളം മലയോര പട്ടയങ്ങൾ നൽകും; മന്ത്രി കെ രാജൻ

*ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സ് ഡിസംബർ അഞ്ചിന്
 
ഇരുന്നൂറോളം മലയോര പട്ടയങ്ങൾ നവകേരള സദസ്സിനോടനുബന്ധിച്ച് നൽകാൻ ലക്ഷ്യമിടുന്നതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സ് സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബർ അഞ്ചിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവ കേരള സദസ്സ് നടക്കും. 

നവകേരള സദസ്സിനോടനുബന്ധിച്ച് മണ്ഡലത്തിൽ ഡിസംബർ ഒന്നു മുതൽ അഞ്ച് ദിവസം വിവിധ സാംസ്കാരിക പരിപാടികളും എക്സിബിഷനും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

 മലയോര പട്ടയ രംഗത്ത് ജില്ലയിലെ 4500 ൽപ്പരം അപേക്ഷകളിൽ പുത്തൻ മാതൃക സൃഷ്ടിച്ചുകൊണ്ട് പ്രത്യേക ഉദ്യമം നടത്താൻ ലക്ഷ്യമിടുന്നതായി മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തിന് തന്നെ മാതൃകയാകുംവിധമുള്ള പ്രവർത്തനങ്ങൾക്കാണ് ജില്ലയിൽ റവന്യൂ വകുപ്പ് നേതൃത്വം നൽകുന്നത്. 

ജണ്ടക്കു പുറത്ത് തരിശും വില്ലേജ് പുറമ്പോക്കുമായ പ്രദേശങ്ങൾ തെറ്റായി ബി ടി ആറിൽ റിസർവ് ഫോറസ്റ്റായി രേഖപ്പെടുത്തിയ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുംവിധമുള്ള ഉത്തരവിന്  നവംബറിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കഴിഞ്ഞ ഏഴു വർഷക്കാലത്തിനിടെ 
അസാധ്യമെന്ന് കരുതിയ നിരവധി കാര്യങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, കോർപ്പറേഷൻ മേയർ എം കെ വർഗീസ് എന്നിവരെ രക്ഷാധികാരികളായും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ചെയർമാനായും ഡെപ്യൂട്ടി കളക്ടർ ടി മുരളി ജനറൽ കൺവീനറായും ജില്ലാ വികസന സമിതി അംഗം പ്രസാദ് പാറേരി വർക്കിംഗ് കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. 

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ സ്വാഗതം പറഞ്ഞു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ, ഇന്ദിരാ മോഹൻ, ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി സജു, പി എസ് വിനയൻ, എഡിഎം ടി മുരളി, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, കൊച്ചിൻ ദേവസ്വം പ്രസിഡണ്ട് എം കെ സുദർശനൻ, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 1500 ഓളം പേർ സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

date