Skip to main content

ഹൃദയപൂർവ്വം മന്ത്രിയെ കാണാൻ കുഞ്ഞു മെഹ്‌സിനയെത്തി

സംസ്ഥാന സർക്കാറിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ ജീവതാളം തിരുച്ചുപിടിച്ച കുഞ്ഞു മെഹ്‌സിന ആരോഗ്യ മന്ത്രിയെ കാണാൻ വണ്ടൂർ താലൂക്കാശുപത്രിയിലെത്തി. മന്ത്രിയുടെ ജില്ലയിലെ ആരോഗ്യ സ്ഥാപന സന്ദർശനത്തിടെയാണ് മന്ത്രിയെ കാണാൻ ഫാത്തിമ മെഹ്‌സിനുമെത്തിയത്. ജനിച്ച് 14-ാം ദിവസം സർക്കാറിന്റെ 'ഹൃദ്യം' പദ്ധതിയുടെ വിജയകരമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുഞ്ഞു മെഹ്‌സിനയുടെ വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.
പ്രസവശേഷം വീട്ടിലെത്തി 12-ാം ദിവസമാണ് കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കാനിങ്ങിലൂടെ ഹൃദയത്തിന്റെ സങ്കീർണാവസ്ഥ മനസിലാക്കുകയും ഉടൻ തന്നെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ 'ഹൃദ്യം' പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അടിയന്തിര ശസ്ത്രക്രിയക്കാവശ്യമായ നടപടികൾ ആരോഗ്യ വിഭാഗം പൂർത്തിയാക്കി. മിംസ് ആശുപത്രിയിൽ രണ്ട് ദിവസം വെറ്റിലേറ്ററിൽ കഴിഞ്ഞ ശേഷം ജനിച്ച് 14 ദിവസമായ കുഞ്ഞു ഫിദയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ജീവൻ തിരിച്ചുപിടിക്കാൻ 20 ശതമാനം മാത്രം സാധ്യത കൽപിച്ച ദിനങ്ങൾ ഓർക്കുകയാണ് തിരുവാലി പത്തിരിയാൽ സ്വദേശികളായ ഫാത്തിമ മെഹ്‌സിനയുടെ മാതാവ് സാബിനയും പിതാവ് ഷറഫുദ്ദീനും. 'ഹൃദ്യം' പദ്ധതിയുടെ സഹായത്തോടെ ആശുപത്രിയിൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമാവശ്യമായ  മുഴുവൻ ചെലവുകളും സർക്കാരിൽ നിന്നും ലഭിച്ചെന്ന് ടിപ്പർ ഡ്രൈവറായ ഷറഫുദ്ദീൻ പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസം പ്രായമായ മെഹ്‌സിൻ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കഴിഞ്ഞ തവണ നടത്തിയ തുടർ പരിശോധനയിലും പ്രശ്നങ്ങളൊന്നുമില്ല. അസുഖം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ശസ്ത്രക്രിയ നടത്താനായതിനാലാണ് ജീവൻ തിരിച്ച് കിട്ടിയത്. ആർദ്രം മിഷൻ നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി ഏവർക്കും വലിയ ആശ്വസമാണെന്ന് മെഹ്‌സിനയുടെ മാതാപിതാക്കൾ പറയുന്നു.

date