Skip to main content

പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സ്: സംഘാടകസമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ പെരിന്തൽമണ്ണ മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും നടപ്പാക്കാത്ത പദ്ധതികൾ കേരളത്തിൽ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു വർഷത്തിനകം അദിദാരിദ്ര്യം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റും. ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ രംഗം, മാലിന്യ നിർമാർജനം, കുടിവെള്ള പദ്ധതി എന്നിവയിലും കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 

 

പെരിന്തൽമണ്ണ എം.യു.എം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ വിനോദ് മുഖ്യാതിഥിയായി. സർക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള സദസ്സ് നടത്തുന്നത്. നവംബർ 30 ന് വൈകീട്ട് ആറിന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലാണ് സദസ്സ് നടത്തുന്നത്. പരിപാടിയുടെ മുന്നോടിയായി രാവിലെ ഒമ്പതിന് പ്രഭാത സദസ്സ് നടക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും സദസ്സിൽ സംവദിക്കും. 

 

മുൻ എം.എൽ.എ വി ശശികുമാർ ചെയർമാനും വനിതാ ശിശു വികസന ഓഫീസർ കെ വി ആശാമോൾ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. നവകേരള സദസ്സിനു മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. 

 

സബ് കളക്ടർ ശ്രീധന്യ സുരേഷ്, മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി മുഹമ്മദ് ഇഖ്ബാൽ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സൗമ്യ, താഴേക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി സോഫിയ, ഭക്ഷ്യ സുരക്ഷ കമ്മീഷൻ അംഗം വി രമേശൻ, തഹസിൽദാർ പി. മായ, മുൻ എം.എൽ.എ വി. ശശികുമാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തികളും പങ്കെടുത്തു.

 

date