Skip to main content

എലിപ്പനിക്കെതിരെ ജാഗ്രത വേണം

ആലപ്പുഴ: ഇടവിട്ട് പെയ്യുന്ന മഴ കാരണം പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു.

നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കര്‍ഷകര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്നവര്‍ക്കും മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് ജോലിക്കാര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. 

കട്ടി കൂടിയ റബ്ബര്‍ കാലുറകളും കയ്യുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. മുറിവ് മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാന്‍ഡേജ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം. പനി, തലവേദന, ശരീരവേദന തുടങ്ങിയ എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടുകയും എലിപ്പനി അല്ലെന്ന് ഉറപ്പാക്കണം. സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കി യഥാസമയം ചികിത്സ തേടണം.

date