Skip to main content
കൈനകരി സി.ബി.എല്‍. മത്സരം:  വീയപുരം ചുണ്ടന് കിരീടം

കൈനകരി സി.ബി.എല്‍. മത്സരം:  വീയപുരം ചുണ്ടന് കിരീടം

ആലപ്പുഴ: കൈനകരി പമ്പയാറ്റില്‍ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എല്‍) ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാവായി. 4.00.63 മിനിറ്റ് കൊണ്ടാണ് വീയപുരം ചുണ്ടൻ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 

യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റഴ്‌സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.01.62 മിനിറ്റ്) രണ്ടാം സ്ഥാനവും പോലീസ് ബോട്ട് ക്ലബ്‌ (റേജിങ് റോവേഴ്സ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ (4.09.95 മിനിറ്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒൻപത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. 

ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ തനത് സാംസ്‌കാരിക പൈതൃകവും നാടിന്റെ മതേതര ഉത്സവവുമാണ് വള്ളംകളി. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് വള്ളം കളിയിലെ വിജയമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി  അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ ആശംസ പ്രസംഗം നടത്തി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പതാക ഉയര്‍ത്തി. മുൻ എംഎൽഎയും ടെക്നിക്കൽ കമ്മിറ്റി അംഗവുമായ സി.കെ സദാശിവൻ സമ്മാനദാനം നിര്‍വഹിച്ചു.

കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.സി പ്രസാദ് മാസ്ഡ്രിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ മിനി മന്മഥൻ നായർ, ടി.ജെ. ജലജ കുമാരി, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ. കെ.കെ ഷാജു, എസ്.എം. ഇക്ബാൽ, സി.ബി.എൽ. കോർഡിനേറ്റർ ജി. ശ്രീകുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ -സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date