Skip to main content
കോട്ടയം സി.എം.എസ്. കോളജ് തീയേറ്ററിൽ നടന്ന ദ്വിദിന ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ സമാപനസമ്മേളനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഇത്തവണയും:മന്ത്രി വി.എൻ. വാസവൻ

ദ്വിദിന ഡോക്യുമെന്ററി ചലച്ചിത്രമേള സമാപിച്ചു

കോട്ടയം: തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു ശേഷം കോട്ടയത്ത് ഇത്തവണയും രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും സി.എം.എസ്. കോളജിന്റെയും സഹകരണത്തോടെ സി.എം.എസ് തിയേറ്ററിൽ സംഘടിപ്പിച്ച ദ്വിദിന ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആഗോളതലത്തിൽ ഉന്നതമായ ചിന്തകളും മനുഷ്യസംസ്‌കാരവും പ്രതിഫലിക്കുന്നതാണ് ഓരോ ചലച്ചിത്രമേളയും. സമകാലിക സാമൂഹിക ജീവിതത്തിന്റെ നേർക്കാഴ്ചകളെ ഹൃദയസ്പർശിയായി ജനങ്ങളിലേക്ക് എത്തിക്കാനും കലാ-സാങ്കേതിക മികവോടെ സിനിമകൾ ആസ്വദിക്കാനുമുള്ള അവസരമാണ് ചലച്ചിത്രമേളകൾ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തു നടന്ന 15-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയിൽ പുരസ്‌കാരങ്ങൾ നേടുകയും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദർശനമാണ് നടന്നത്.
സംവിധായകനും കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റുമായ എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ, സംവിധായകൻ രാഹുൽ രാജ് എന്നിവർ പ്രസംഗിച്ചു.

 

date