Skip to main content

എന്റെ തൊഴിൽ എന്റെ അഭിമാനം 2.0ന് തുടക്കം വീട്ടമ്മമാർ ഇനി വിജ്ഞാന തൊഴിൽരംഗത്തേക്ക്

വീട്ടമ്മമാരേയും പെൺകുട്ടികളേയും അഭ്യസ്തവിദ്യരായ പൊതുജനങ്ങളേയും വിജ്ഞാന തൊഴിൽ രംഗത്തേക്ക് കൊണ്ടുവരുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം', 'തൊഴിലരങ്ങത്തേക്ക്' പദ്ധതികളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം. ജില്ലയിൽ 18 പഞ്ചായത്തുകളിലാണ് 'തൊഴിലരങ്ങത്തേക്ക്' പദ്ധതി നടപ്പാക്കുക.

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് വൈജ്ഞാനിക തൊഴിൽ മേഖലയിൽ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളേജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലസ് ടു അടിസ്ഥാനയോഗ്യതയുള്ള 18നും 50നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിജ്ഞാന തൊഴിൽരംഗത്തേക്ക് വരാൻ താൽപ്പര്യമുള്ള സ്ത്രീകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയ തൊഴിലന്വേഷകർ ഡിഡബ്ല്യുഎംഎസ് (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ വ്യവസായ വകുപ്പിന്റെ അസാപ് വഴി പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയവർക്ക് തൊഴിൽമേള നടത്തി വിവിധ കമ്പനികളിൽ നിയമനം നൽകും. പട്ടികജാതി, പട്ടികവർഗം, ട്രാൻസ് ജെൻഡർ എന്നിവർക്ക് പരിശീലന ഫീസിന്റെ 70 ശതമാനം സർക്കാർ വഹിക്കും. 30 ശതമാനം സ്വയം വഹിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് പദ്ധതി നടപ്പാക്കുക. 2024 മാർച്ച് 31 ന് ഒന്നാംഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

പദ്ധതികളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് മേഖലാ യോഗമാണ് നടന്നത്.  കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.രാജീവൻ അധ്യക്ഷത വഹിച്ചു. ബിലാൽ മുഹമ്മദ് ക്ലാസെടുത്തു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, സ്റ്റേറ്റ് പ്രോഗ്രം മാനേജർ സാബു ബാല, ഡയാന തങ്കച്ചൻ, വൈശാഖ് എന്നിവർ സംസാരിച്ചു. അഞ്ച് ജില്ലകളിൽ നിന്നായി 87 പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്തു.

date