Skip to main content

സൂപ്പർമാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും പരിശോധന; വിലവിവരപ്പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം  

വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ആയഞ്ചേരിയിലെ സൂപ്പർമാർക്കറ്റുകൾ, റസ്റ്റോറന്റ്റുകൾ എന്നിവയിൽ പരിശോധന നടത്തി. ആയഞ്ചേരി കടമേരി റോഡിൽ പ്രവർത്തിക്കുന്ന രണ്ട് സൂപ്പർമാർക്കറ്റുകളിൽ ഒരേ സാധനം തന്നെ വ്യത്യസ്ത വിലകൾക്കാണ് വിൽപന നടത്തുന്നതെന്ന് കണ്ടെത്തി. പാക്കിംഗ് തീയതി, എംആർപി, തൂക്കം എന്നിവ രേഖപ്പെടുത്താതെ ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് വിൽപനയ്ക്ക് വെച്ചതിനും വിൽപന നടത്തുന്ന പച്ചരി അടക്കമുള്ള സാധനങ്ങളുടെ പർച്ചേസ് ബിൽ, സ്റ്റോക്ക് രജിസ്റ്റർ എന്നിവ സൂക്ഷിക്കാത്തതിനും, വിലവിവരപ്പട്ടിക, സ്റ്റോക്ക് നിലവാരം എന്നിവ പ്രദർശിപ്പിക്കാത്തതിനും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പച്ചക്കറി കടകൾ, റസ്റ്റോറന്റ്, പലചരക്ക് കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വിലവിവരപ്പട്ടിക നിർബന്ധമായി പ്രദർശിപ്പിക്കേണ്ടതാണെന്ന്  കർശന നിർദേശം നൽകി. താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ പി, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ,  രാജേഷ് സി പി,  ശ്രീധരൻ കെ കെ  എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും കർശനമായി പൊതുവിപണി പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

date