Skip to main content

കോവളത്ത് ഡിസംബര്‍ 23ന് നവകേരള സദസ്, വിപുലമായ സംഘാടക സമിതിയായി

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കു‍ന്ന നവകേരള സദസ്സ് വൻ വിജയമാക്കുന്നതിനായി കോവളം മണ്ഡലത്തിൽ വിപുലമായ സംഘാടക സമിതിയായി. വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു .കേരളം കൈവരിച്ച നേട്ടങ്ങൾ ജനങ്ങളെ അറിയിക്കാനും ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും നേരിട്ടറിഞ്ഞ് പരിഹാരം കണ്ടെത്താനുമാണ് മന്ത്രിസഭ ഒന്നാകെ നവകേരള സദസ്സിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ ചെയര്‍മാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജാ മേരി കണ്‍വീനറും മണ്ഡലത്തിലെ ജനപ്രതിനിധികള്‍, മുന്‍ എം.എല്‍.എമാര്‍, ഉദ്യോഗസ്ഥര്‍ , രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ അംഗങ്ങളുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ആറ് സബ് കമ്മിറ്റികളും രൂപീകരിച്ചു.  പഞ്ചായത്ത് തലത്തിലും സംഘാടക സമിതികള്‍ ചേരാൻ യോഗത്തിൽ തീരുമാനമായി. ഡിസംബര്‍ 23ന് രാവിലെ 11 മണിക്കാണ് മണ്ഡലത്തിലെ നവകേരള സദസ് തീരുമാനിച്ചിരിക്കുന്നത്.   മുഖ്യമന്ത്രിയും മന്ത്രിമാർക്കുമൊപ്പം മണ്ഡലത്തിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രഭാതയോഗവും ഡിസംബർ 23 ന് രാവിലെ തിരുവനന്തപുരത്ത് നടക്കും.

 സംഘാടകസമിതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടിയ കരിങ്കുളം പുതിയതുറ സ്വദേശിനി ഷീബ സ്റ്റീഫന് മന്ത്രി ഉപഹാരം നല്കി. കിണറ്റിൽ വീണ 12 വയസ്സുകാരി പെൺകുട്ടിയെ അതിസാഹസികമായി രക്ഷിച്ച വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ രാജീവനെയും ചടങ്ങിൽ ആദരിച്ചു.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരായി.

date