Skip to main content
കുഴല്‍മന്ദത്ത് നടന്ന സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു.

കുഴല്‍മന്ദത്ത് സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍ വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് വിശദീകരണം നടത്തി. ബിസിനസ് ബ്രാന്‍ഡിങ്ങും അതില്‍ അല്‍പം അധികവും (നിയമപരമായും വസ്തുതപരമായും) എന്ന വിഷയത്തില്‍ അഡ്വ. ആന്‍ഡ് ട്രേഡ് മാര്‍ക്ക് അറ്റോണിയും മലപ്പുറം എം.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായ അഡ്വ. പി.പി.എ സഗീര്‍ ക്ലാസെടുത്തു. കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ വ്യവസായ സംരംഭകര്‍ക്കായി പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സാധ്യതാ സംരംഭങ്ങളെപ്പറ്റിയുള്ള അവബോധവും സെമിനാറിലൂടെ നല്‍കി. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വായ്പകള്‍, മാര്‍ക്കറ്റിങ്, ബിസിനസ് ബ്രാന്‍ഡിങ് എന്നിവ സംബന്ധിച്ച വിവരങ്ങളും വിശദീകരിച്ചു.
കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് ഇന്ദിരാ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. പങ്കജാക്ഷന്‍ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. സജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം ഇന്ദിര, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. ശശികുമാര്‍, കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ, വ്യവസായ വാണിജ്യ വകുപ്പ് കോട്ടായി ഗ്രാമപഞ്ചായത്ത് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എ. അശുവിന്‍, ബ്ലോക്ക് പഞ്ചായത്ത് വിവിധ ഡിവിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ 90 പേര്‍ പങ്കെടുത്തു.

date