Skip to main content

വൈവിധ്യങ്ങളുടെ എത്നിക് ട്രേഡ് ഫെയര്‍

കേരളത്തിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത ഉത്പന്നങ്ങളുടെ വൈവിധ്യ കലവറയാണ് എത്നിക് ട്രേഡ് ഫെയര്‍.കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജില്‍ ഒരുക്കിയ എത്നിക് ട്രേഡ് ഫെയറില്‍ ഭക്ഷ്യയുത്പന്നങ്ങള്‍, ബാഗുകള്‍, സോപ്പ്, തുണിത്തരങ്ങള്‍, വന ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, കരിമ്പ് -മുള ഉല്‍പ്പന്നങ്ങള്‍, എല്‍ഇഡി ബള്‍ബ്, മറയൂര്‍ ശര്‍ക്കര, മഞ്ഞള്‍, കാപ്പി, ഗ്രാമ്പൂ, കുരുമുളക്, കശുവണ്ടി ഉത്പന്നങ്ങള്‍ കളിമണ്ണാഭരണങ്ങള്‍, ഗോത്ര പെയിന്റിങ്ങുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളും കാഴ്ചകളുമാണ് കാത്തിരിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉത്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.

 കാപ്പിത്തടിയില്‍ ഉരുത്തിരിഞ്ഞ മനോഹര ശില്‍പങ്ങള്‍ ഫെയറിലെ വലിയ ആകര്‍ഷണമാണ്. യാഥാര്‍ത്ഥ്യത്തെ വെല്ലും വിധം കുഞ്ഞിക്കിളികളും പൂമ്പാറ്റകളും ചെറുമീനുകളുമെല്ലാം  ആസ്വാദകരെ ക്ഷണിക്കുകയാണിവിടെ. പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാണ് മുള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. പൊന്മുളം തണ്ടില്‍ നിന്നുള്ള ഒരുപിടി സംഗീതോപകരണങ്ങളും വലുതും ചെറുതുമായ ക്രിസ്തുമസ് നക്ഷത്രങ്ങളും കുഞ്ഞു വിളക്കുകളും മഴ മൂളിയുമെല്ലാം എത്നിക് ട്രേഡ് ഫെയറിന്റെ മാറ്റു കൂട്ടുന്നുണ്ട്. എണ്ണയും തൈലവും ഉള്‍പ്പെടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരവും ഇവിടെ കാണാം. കളിമണ്ണില്‍ നിര്‍മിച്ച വര്‍ണാഭമായ ആഭരണങ്ങളുമായെത്തിയ വയനാട്ടുകാരി ഗീതുവും ഫൈബറില്‍നിന്നു പല നിറത്തിലും വലുപ്പത്തിലുമുള്ള നെറ്റിപ്പട്ടം ഒരുക്കി വില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശി കവിതയും ഉള്‍പ്പെടുന്ന പല കലാകാരന്മാരും എത്നിക് ഫെയറിലെപുതുമുഖങ്ങളാണ്.

date