Skip to main content

സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ''ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിനം'' ക്യാമ്പയിൻ 

 

മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ ജില്ലയെ മാലിന്യമുക്തമാക്കുന്നതിനും ഹരിത കർമ്മ സേനയെ ശക്തിപ്പെടുത്തുന്നതിനുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിവസം ഫീൽഡിൽ പോയി അജൈവ മാലിന്യ കളക്ഷൻ നടത്തും. ഇതിനായി ഹരിത കർമ്മസേനയോടൊപ്പം ഒരുദിനം എന്ന ക്യാമ്പയിൻ ആരംഭിക്കുവാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാ തല യോഗം തീരുമാനിച്ചു. യോഗം ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവ കേരള പ്രവർത്തനവും, മാലിന്യ നിർമാർജ്ജനത്തിനുമാണ് പ്രഥമ പരിഗണന നൽകുകയെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു, ഇതിനായി മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ നേരിട്ട് അവലോകനം ചെയ്ത് എംസിഎഫ്, ഹരിത കർമ്മ സേന പ്രവർത്തനം എന്നിവ മോണിറ്റർ ചെയ്യും. പ്രശ്‌നമുള്ള സ്ഥലത്ത് ഫീൽഡ് വിസിറ്റ് നടത്തുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. 

ജനുവരി 26 വരെ വിവിധ പ്രവർത്തനങ്ങൾ മാലിന്യമുക്തം നവ കേരളത്തിന്റെ ഭാഗമായി നടത്തുവാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്തും. വ്യാപാര സ്ഥാപനങ്ങളെ ശുചിത്വ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യും. സർക്കാർ ഓഫീസുകളിൽ ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യം കൊടുത്തു എന്നതിന്റെ സാക്ഷ്യപത്രം ഉറപ്പ് വരുത്തുകയും ഹരിത വിദ്യാലയം, ശുചിത്വ വിദ്യാലയം, കുട്ടികളുടെ ഹരിതസഭയും ക്യാമ്പയിനിന്റ ഭാഗമായി നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി വ്യാപകമായി പ്രചരണം നൽക്കുവാനും തീരുമാനിച്ചു. വാർഡ് തലത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയിൽ പ്രതിമാസം 100 ശതമാനം അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു എന്ന് ഉറപ്പുവരുത്തി ജില്ലയെ അടുത്ത വർഷം ജനുവരി 26ന് സമ്പൂർണ്ണ മാലിന്യ മുക്ത വലിച്ചെറിയൽ മുക്ത ജില്ലയായി പ്രഖ്യാപിക്കും. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ല കോർഡിനേറ്റർ പി ടി പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, നവകേരളം ക്യാമ്പയിൻ കോഡിനേറ്റർ മണലിൽ മോഹനൻ, ജില്ലാ ഓഫീസ് സൂപ്രണ്ട് പ്രകാശൻ എന്നിവർ സംസാരിച്ചു.

date