Skip to main content

നിർധനരായ വൃക്ക രോഗികൾക്ക് ആശ്വാസമായി ചേരാനല്ലൂർ പഞ്ചായത്തിലെ ഡയാലിസിസ് സെൻ്റർ

 

നിർധനരായ വൃക്കരോഗികളുടെ ആശ്രയകേന്ദ്രമായി മാറിയിരിക്കുകയാണ് ചേരാനല്ലൂർ പഞ്ചായത്തിലെ ഡയാലിസിസ് സെൻ്റർ. സെൻ്റർ പ്രവർത്തനമാരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോൾ ചികിത്സാചെലവ് താങ്ങാനാവാതെ വലഞ്ഞിരുന്ന 90 രോഗികൾക്കാണ് ആശ്വാസമായത്. 

വൃക്ക തകരാറിലായി തുടർചികിത്സയുടെ ചെലവ് താങ്ങാനാവാത്ത അശരണരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചേരാനല്ലൂർ പഞ്ചായത്തിന് കീഴിൽ ഡയാലിസിസ് സെൻ്റർ പ്രവർത്തനം ആരംഭിച്ചത്. ഒരു പഞ്ചായത്തിന് കീഴിൽ ആദ്യമായാണ് സൗജന്യ ഡയാലിസിസ് സെൻ്റർ ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് ആദ്യമായി സെൻ്ററിൽ ഡയാലിസിസ് ആരംഭിച്ചത്.

ഓരോ നഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ, അറ്റൻഡർ എന്നിങ്ങനെ മൂന്നു പേരാണ് സെന്ററിൽ ജോലി ചെയ്യുന്നത്. നിലവിൽ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ ആസ്റ്റർ മെഡ്സിറ്റിയിലെ നെഫ്രോളജിസ്റ്റിന്റെ സേവനമാണ് സെന്ററിൽ ഉപയോഗപ്പെടുത്തുന്നത്. നാല് ഡയാലിസിസ് മെഷിനുകളാണ് നിലവിൽ ഇവിടെയുള്ളത്. രാവിലെ എട്ട് മുതലാണ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. 

ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികൾ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും തുടർന്ന് അപേക്ഷകരുടെ സാമ്പത്തിക സ്ഥിതിയും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ് ഡയാലിസിനായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുത്ത രോഗികളെ പഞ്ചായത്തിന്റെ സഹകരണത്തോടെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിക്കുകയും നെഫ്രോളജിസ്റ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായ രോഗികൾക്ക് സെൻ്റെറിൽ ഡയാലിസിസ് ആരംഭിക്കുകയും ചെയ്യും.

date