Skip to main content

കാർഷിക മേഖലയിൽ പുത്തൻ മാതൃകയുമായി മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക്

 

കാർഷിക മേഖലയിൽ ശ്രദ്ധയാകർഷിച്ച് മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിന്റെ കാർഷിക മാതൃക. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സഹകരണ ബാങ്കിന് ലഭ്യമായ രണ്ടുകോടി രൂപയുടെ പദ്ധതിയാണ് കാർഷിക മേഖലയിൽ മാഞ്ഞാലി മാതൃക സൃഷ്ടിക്കുന്നത്.

കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം സംസ്കരണം, വിപണനം എന്നീ മേഖലകളിലും ഇടപെടലുകൾ സാധ്യമാക്കി തദ്ദേശിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് നല്ല വിപണി മൂല്യം ലഭ്യമാക്കുകയാണ് മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് ലക്ഷ്യമിടുന്നത്.

കളമശ്ശേരി നിയോജക മണ്ഡലത്തിൽ വിവിധ വകുപ്പുകളെ ഏകോപ്പിപ്പിച്ചു നടപ്പിലാക്കിവരുന്ന 'കൃഷിക്ക് ഒപ്പം  കളമശ്ശേരി' പദ്ധതിയുമായി സഹകരിച്ചാണ് മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പദ്ധതി നടപ്പിലാക്കി വരുന്നത്. കർഷകർക്ക് നല്ലയിനം വിത്തുകൾ ലഭ്യമാക്കുകയും നാല് ശതമാനം പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വരെ ബാങ്ക് വായ്പ നൽകുകയും ചെയ്യുന്നുണ്ട്.

കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്നും ശേഖവരിച്ചാണ് വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ചക്ക, മാങ്ങ, കുമ്പളങ്ങ, പപ്പായ, കൂവകിഴങ്ങ് തുടങ്ങിയവയാണ് മാഞ്ഞാലി ബാങ്കിന്റെ നേതൃത്വത്തിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. മാഞ്ഞാലി കൂവപ്പൊടിയും കുമ്പളങ്ങയിൽ നിന്ന് നിർമിക്കുന്ന ആഗ്ര പേടയും മാഞ്ഞാലി കാർഷിക മാതൃകയിലൂടെ വിപണിയിലിറങ്ങിയ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാണ്. ആഗ്രപേട നിർമ്മിക്കുന്നതിനായി വിവിധ കൃഷിയിടങ്ങളിൽ നിന്നും നിലവിൽ കുമ്പളങ്ങ ശേഖരിച്ചു വരുന്നുണ്ട്.

ഇതിനോടകം തന്നെ നിരവധി സർവീസ് സഹകരണ ബാങ്കുകളാണ് കാർഷിക മേഖലയിലെ 'മാഞ്ഞാലി മാതൃക' കണ്ടുപഠിക്കുന്നതിനായി എത്തിയത്. ഫുഡ് പ്രോസസിംഗ് പാഠ്യ വിഷയമാക്കിയ കോളേജ് വിദ്യാർത്ഥികളും മാഞ്ഞാലി കാർഷിക മാതൃകയുടെ വിജയരഹസ്യം തേടി എത്തുന്നുണ്ട്.

date