Skip to main content

കേരളീയം: ഉത്പന്നങ്ങളുടെ വിരുന്നൊരുക്കി സഹകരണ മേഖല

ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ  സൗകര്യമൊരുക്കിയിരിക്കുയാണ് സഹകരണ വകുപ്പ്. കേരളീയത്തിന്റെ ഭാഗമായി ടാഗോർ തിയറ്ററിൽ ഒരുക്കിയിട്ടുള്ള 50 സ്റ്റാളുകളിലാണ്  ഭക്ഷ്യോൽപന്നങ്ങൾ, ആയുർവേദ ഹെർബൽ ഉത്പന്നങ്ങൾ, ടിഷ്യു കൾച്ചർ ഉൽപ്പന്നങ്ങൾ, ക്ഷീരോൽപ്പന്നങ്ങൾ, ബേക്കറി, കയർ, കാർഷിക ഉത്പന്നങ്ങൾ, മത്സ്യഫെഡിന്റെ മൂല്യ വർദ്ധിത വസ്തുക്കൾ എന്നിവ സ്റ്റാളുകളിൽ ലഭ്യമാണ്. ത്രിവേണി നോട്ട്ബുക്ക്, തേയില, നീതി ഗ്യാസ്, കുപ്പിവെള്ളം, വെളിച്ചെണ്ണ, കോക്കനട്ട് പൗഡർ, സ്‌ക്വാഷ്, അച്ചാറുകൾ, തുടങ്ങി വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളുമായി കൺസ്യൂമർഫെഡും രംഗത്തുണ്ട്.

പ്രമേഹം ചെറുക്കാനുള്ള  ആയുർവേദ ഡയബ്, വേദനസംഹാരി ലിൻ, തലവേദനയ്ക്ക് പുരട്ടുന്ന ബാം ഉൾപ്പെടെ അഞ്ഞൂറിലധികം ഉൽപ്പന്നങ്ങളുമായാണ് ആയുർധാര ഫാർമസ്യൂട്ടിക്കൽസ് കേരളീയം ഫെയറിനെത്തിയിട്ടുള്ളത്. എല്ലാദിവസവും  ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടുത്താൻ  48 ചേരുവകൾ ചേർത്തുണ്ടാക്കിയ എക്സ്പവർ, ചുമയ്ക്കുള്ള പൊടി, കാട്ടു തേൻ, ലേഹ്യങ്ങൾ, തൈലങ്ങൾ എന്നിവയും ആവശ്യക്കാർ തേടിയെത്തുന്ന ആയുർവേദ ഉത്പന്നങ്ങളാണ്.

ഇടുക്കിയുടെ സ്വന്തം തേയില, വയനാട്ടിലെ കാട്ടു തേൻ, ഏലം, ഗ്രാമ്പു,  കറുവപ്പട്ട, കുരുമുളക്, ചുക്ക്, ജാതിപത്രി, തക്കോലം, കുന്തിരിക്കം, ഉണക്ക മഞ്ഞൾ, പുൽത്തൈലം,  യൂക്കാലി കോപോൾ വെളിച്ചെണ്ണ, എള്ളെണ്ണ, എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ സ്റ്റാളുകളിൽ. ജൈവ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ടിഷ്യൂ കൾച്ചർ ലാബ് മറ്റൊരു പ്രധാന ആകർഷണമാണ്. ചെങ്കദളി, മഞ്ചേരി നേന്ത്രൻ, ഞാലിപ്പൂവൻ, പൂവൻ, ഗ്രാൻഡ് നൈൻ, തേനി നേന്ത്രൻ തുടങ്ങിയ കുഞ്ഞൻ വാഴത്തൈകളും ഡെൻഡ്രോബിയം, എയരി ഹൈബ്രിഡ് എന്നീ പേരുകളിലുള്ള ഓർക്കിഡുകളും സിംഗോണിയം ഗോൾഡ്, ഫിലോ ടെൻഡ്രോൺ ഉൾപ്പെടെയുള്ള ഇലച്ചെടികളും ഈ വിപണിയെ വ്യത്യസ്തമാക്കുന്നു. ജൈവരീതിയിൽ കൃഷി ചെയ്തെടുത്ത  നെല്ലുൽപന്നങ്ങളായ തവിടു കളയാത്ത അരി, ഗോതമ്പ് പുട്ടുപൊടി, റാഗിപ്പൊടി, കമ്പം പുട്ടുപൊടി, ചോളം പുട്ടുപൊടി, ഉണക്കലരി എന്നിവയ്ക്ക്  ആവശ്യക്കാർ ഏറെയാണ്.

സഹകരണ വകുപ്പിന്റെ പവലിയന് മാറ്റുകൂട്ടുന്ന മറ്റൊരു സ്റ്റാളാണ് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ പൊക്കാളി പൈതൃക ഗ്രാമം. പൊക്കാളി അരിയും പൊക്കാളി പുട്ടുപൊടിയും പൊക്കാളി അവിലും ഈ ഗ്രാമത്തിൽ ഒരുക്കിയിട്ടുണ്ട്. വില്പനയ്ക്ക് എത്തിച്ചിരിക്കുന്ന നാടൻ വിത്തിനങ്ങൾ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. കുമ്പളം, കുറ്റി അമരപ്പയർ, വെണ്ട, വഴുതന, വള്ളിപ്പയർ, കഞ്ഞിക്കുഴി പയർ, കുറ്റി പയർ, പാവൽ, പടവലം തുടങ്ങി നൂറോളം വിത്തിനങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഉറവിട മാലിന്യ സംസ്‌കരണത്തിന് മാതൃകയായ ജീ ബിന്നുകളും വിപണിയിലുണ്ട്. കേരള ദിനേശ് എക്സിബിഷൻ സ്റ്റോറിൽ മിഠായി മുതൽ പ്രഥമൻ വരെയുള്ള ഭക്ഷ്യവസ്തുക്കളും തോർത്ത് തൊട്ട് സാരി വരെയുള്ള തുണിത്തരങ്ങളും വിൽപ്പനക്കുണ്ട്. കൂടാതെ സാരികൾ, ബെഡ്ഷീറ്റുകൾ,  ബാഗുകൾ,  എന്നിങ്ങനെ കോട്ടൺ തുണിയിൽ നെയ്തെടുത്ത വസ്ത്രങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.

പി.എൻ.എക്‌സ്5273/2023

date