Skip to main content

വിജയരാഘവപുരം ഗവ. ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി മന്ദിരം ഒരുങ്ങുന്നു; നിർമ്മാണോദ്ഘാടനം 6 ന്

*2 കോടി രൂപ ചിലവിൽ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്

നൂറ് വർഷം മുമ്പ് രൂപം കൊണ്ട ചാലക്കുടിയിലെ വിജയരാഘവപുരം എന്ന ഗ്രാമത്തോടൊപ്പം തന്നെ ഇവിടെ സ്ഥാപിതമായ സ്കൂളിന് ശതാബ്ദി സ്മാരകമായി 2 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിലാണ് നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിച്ചത്.

1920 ൽ കൊച്ചി രാജാവിന്റെ ദിവാനായിരുന്ന തിരുവലൻകുടി വിജയ രാഘവാചാര്യരാണ് സമൂഹത്തിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി ഇവിടെ കോളനി സ്ഥാപിച്ചത്. അതുകൊണ്ടാണ് ഈ ഗ്രാമം വിജയ രാഘവപുരമെന്നും, വി.ആർ.പുരം എന്ന ചുരുക്ക പേരിലും അറിയപ്പെട്ടത്.

56 ഏക്കറിലായി കോളനി സ്ഥാപിച്ച ദിവാൻ വിവിധ നാടുകളിൽ നിന്നായി നാല്പതോളം പട്ടികജാതി കുടുംബങ്ങളെ ഇവിടെ സുരക്ഷിതമായി താമസിപ്പിച്ചു. വിദ്യാഭ്യാസത്തിനോ, ആരാധനക്കോ സ്വാതന്ത്ര്യമില്ലാതിരുന്ന ഈ കാലഘട്ടത്തിൽ തന്നെ, ഇവിടെ ഇവർക്കായി വിദ്യാലയം, ക്ഷേത്രം, തൊഴിൽ കേന്ദ്രം, ആരോഗ്യ കേന്ദ്രം, ശ്മശാനം, പൊതുകുളം, പൊതു കിണറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ തന്നെ ദിവാൻ സ്ഥാപിച്ചിരുന്നു.

അന്ന് ഓല മേഞ്ഞ മുറികളിൽ പ്രവർത്തിച്ച പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകിയിരുന്ന വിദ്യാലയമാണ് പിന്നീട്  യു പി യായും, ഹൈസ്കൂളായും, 2013 - 14 ൽ ഹയർ സെക്കണ്ടറിയായും ഉയർന്നത്.

ചാലക്കുടിയിൽ പട്ടണത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഏക സർക്കാർ വിദ്യാലയവും കഴിഞ്ഞ 15 വർഷമായി തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ചാലക്കുടിയിലെ ഏക സർക്കാർ സ്കൂൾ എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്. ഏറെ പഴക്കം ചെന്നതും ഓടുമേഞ്ഞിരുന്നതും പിന്നീട് ഷീറ്റ് മേഞ്ഞതുമായ കെട്ടിടത്തിലാണ് പ്രധാനമായും കുട്ടികൾ പഠിക്കുന്ന ക്ലാസ്സ് റൂമുകളും ഓഫീസ് റൂമുകളും പ്രവർത്തിച്ചു വന്നിരുന്നത്.

2013 - 14 അധ്യയന വർഷം ഈ വിദ്യാലയം ഹയർ സെക്കന്ററിയായി ഉയർന്നെങ്കിലും, നിലവിലുള്ള കെട്ടിടങ്ങളിൽ തന്നെയാണ് ഇതും പ്രവർത്തിച്ചത്. പിന്നീട് ഹയർ സെക്കന്ററി വിഭാഗത്തിന് ഇരു നിലകളിലായ് പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.
 കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിൽ ചാലക്കുടി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു. 

പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നവംബർ 6 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. മൂന്ന് നിലകളിലായി പത്ത് ക്ലാസ്സ് റൂമുകളും, ഓഫീസ് റൂമുകളും, സ്റ്റാഫ് റൂം, ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത് ചാലക്കുടി പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗമാണ്. 

ചടങ്ങിൽ ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയർ വി കെ ശ്രീമാല റിപ്പോർട്ട് അവതരിപ്പിക്കും.

date