Skip to main content
സമേതം; ജില്ലയിലെ സ്കൂളുകളിൽ ഭരണഘടനാ ചുമർ നിർമ്മിക്കും

സമേതം; ജില്ലയിലെ സ്കൂളുകളിൽ ഭരണഘടനാ ചുമർ നിർമ്മിക്കും

 

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആയിരത്തിലധികം വരുന്ന വിദ്യാലയങ്ങളിൽ ഭരണഘടനാ ചുമർ നിർമ്മിക്കും. ഭരണഘടനയുടെ ആമുഖം പതിക്കുന്ന ചുമരിന്റെ ഇരുപുറത്തും ചിത്രകാരന്മാരായ കുട്ടികളും പ്രാദേശിക ചിത്രകാരന്മാരും അനുബന്ധ ചിത്രങ്ങൾ വരച്ചുചേർക്കും. ലളിതകലാ അക്കാദമിയും സ്കൂൾ ഓഫ് ഫൈൻ ആർട്സും പരിപാടിയുമായി സഹകരിക്കും. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഈ വർഷത്തെ പ്രോജക്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത്.

മറ്റൊരു പുതിയ പദ്ധതിയാണ്  'സർഗ്ഗസമേതം.' ജില്ലയിലെ 12 ഉപജില്ലാ കലോത്സവങ്ങളിൽ കഥ, കവിത, ലേഖനം, ചിത്രം, ശില്പം എന്നീ മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്കുള്ള സർഗോത്സവ ക്യാമ്പാണിത്.

കഴിഞ്ഞ വർഷം ആരംഭിച്ച ചരിത്രാന്വേഷണയാത്രകൾ, ജ്യോതിശാസ്ത്ര ഒളിമ്പ്യാർഡ് തുടങ്ങിയ പദ്ധതികൾ ഈ വർഷവും തുടരും. കഴിഞ്ഞ വർഷം നടത്തിയ ജ്യോതിശാസ്ത്ര ഒളിമ്പ്യാർഡിൽ പങ്കെടുത്ത കുട്ടികൾക്കും ചരിത്രപഠന കോൺഗ്രസിൽ പങ്കെടുത്ത കുട്ടികൾക്കുമുള്ള തുടർ പരിശീലന പരിപാടികൾ ഈ വർഷത്തെ പുതിയ പദ്ധതിയാണ്. കേരള ചരിത്ര ഗവേഷണ കൗൺസിലിന്റ സഹായത്തോടെ മുസ്‌രിസ് പൈതൃക പദ്ധതിയുമായി ചേർന്നാണ് ചരിത്രസമേതം എന്ന പരിപാടി സംഘടിപ്പിക്കുക.
ജന്ററുമായി ബന്ധപ്പെട്ട അനന്യസമേതം, കുട്ടികളുടെ കായിക സാക്ഷരതയുമായി ബന്ധപ്പെട്ട കായികസമേതം, പട്ടികവർഗ്ഗവിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പഠന-സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന ഗോത്രസമേതം, വിദ്യാലയങ്ങളെ ശുചിത്വപൂർണ്ണവും ഹരിതാഭവുമാക്കുന്ന ശുചിത്വസമേതം, ഹരിതസമേതം, ജില്ലയിലെ കലാ കായിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്നവരെ കുട്ടികൾ തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കഥയമമസമേതം, കുട്ടികളുടെ അവകാശങ്ങളെ ക്കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹാരം കണ്ടെത്താനുതകുന്ന തദ്ദേശസമേതം, ഗണിതപഠനം എളുപ്പമാക്കുന്ന ഗണിതപാർക്കുകൾ, നാട്ടുകലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന നാട്ടുപ്പൊലിമ, വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള  അമ്മവായന, സിനിമ നാടകക്ലബ്ബുകൾ എന്നിവയെല്ലാം ഈ വർഷത്തെ പദ്ധതികളാണ്.

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായത്തോടെ നടത്തുന്ന സംയുക്ത പദ്ധതിയാണ് സമേതം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻമാരുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗമാണ് പരിപാടികൾക്ക് അന്തിമരൂപം നൽകിയത്.

യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസ കായികകാര്യസ്ഥിരം സമിതി ചെയർമാൻ എൻ.എ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിപിഒ ജോസഫ്, ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ പദ്ധതികളുടെ കോർഡിനേറ്റർ ടി.വി.  മദനമോഹനൻ, സമേതം അസി. കോർഡിനേറ്റർ വി. മനോജ്‌, വിവിധ പദ്ധതി ചുമതലയുള്ള ഡോ. അൻസാർ, എം.കെ. ബാലകൃഷ്ണൻ, ഡോ. നിഷ, ഡോ. ഡി. ഷീല, എം.എസ് ലെനിൻ, പി.പി. പ്രകാശ് ബാബു, എം.എൻ ബർജിലാൽ, ടി.എസ്. സജീവൻ, സാജൻ ഇഗ്‌നേഷ്യസ്, പി.ബി സജീവൻ, എം.വി മധു, ഫഹ്‌ദ, പി.ടി. ജെയിംസ്, പി.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയരക്ടർ ഡി. ഷാജിമോൻ സ്വാഗതവും ഇരിങ്ങാലക്കുട ഡിഇഒ ബാബു മഹേശ്വർ പ്രസാദ് നന്ദിയും പറഞ്ഞു.

date