Skip to main content

കേരളീയം സെമിനാർ വേദികളിൽ ശ്രദ്ധ പിടിച്ചുപറ്റി ആംഗ്യഭാഷാ പരിഭാഷകർ

 

സെമിനാർ വേദികളിൽ കൈയടി നേടുകയാണ്  ആംഗ്യഭാഷാ പരിഭാഷകർ. എട്ടും പത്തും പ്രഭാഷകർ ഉള്ള ഓരോ സെമിനാർ വേദികളിലും പ്രഭാഷണങ്ങളിലെ ആശയങ്ങളൊന്നു പോലും വിട്ടുപോകാതെ അംഗചലനങ്ങളിലൂടെ ഓരോന്നും ഭിന്ന ശേഷിക്കാരിൽ എത്തിക്കുകയാണിവർ.

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ (നിഷ്) പൂർവ വിദ്യാർഥികളും അധ്യാപകരും അടങ്ങിയ 16 പേരാണ് ആംഗ്യഭാഷാ പരിഭാഷ നടത്തുന്നത്. ഇതിൽ 12 പേരും സ്ത്രീകളാണ്. ഒരു സെമിനാറിൽ മൂന്നുപേർ വീതം പരിഭാഷ നടത്തുന്നുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾക്കൊണ്ട് മുന്നോട്ട് പോവുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് എല്ലാ സെമിനാർ വേദികളിലും ആംഗ്യഭാഷാ പരിഭാഷകരെ നിയോഗിച്ചത്. സെമിനാർ വേദികളിലെല്ലാം ആംഗ്യഭാഷാ പരിഭാഷകരെ കണ്ടു താൽപ്പര്യം തോന്നിയ വർ  ആംഗ്യഭാഷാ പരിഭാഷ പഠിക്കുന്ന കോഴ്സിനെകുറിച്ചൊക്കെ ചോദിച്ചുതുടങ്ങിയതായി പരിഭാഷകരിൽ ഒരാളായ ജിൻസി മരിയ ജേക്കബ് പറയുന്നു. നിഷിലെ ദ്വിവത്സര ഡിപ്ലോമ കോഴ്സ് ആയ ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രേട്ടേഷൻ (ഡി.ഐ.എസ്.എൽ.ഐ.) പൂർത്തീകരിച്ചാണ് ജിൻസി ആംഗ്യഭാഷാ പരിഭാഷക ആയത്. അഞ്ചു സെമിനാർ വേദികൾക്കു പുറമെ യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന ഓപ്പൺ ഫോറത്തിലും ആംഗ്യഭാഷാ പരിഭാഷകരുടെ സേവനമുണ്ട്.

പി.എൻ.എക്‌സ്5317/2023

date