Skip to main content

വ്യവസായിക കേരളത്തിന്റെ കുതിപ്പിന് കൈയൊപ്പ് ചാര്‍ത്തി കേരളീയം സെമിനാര്‍; ലഭിക്കുന്നത് വലിയ പിന്തുണയെന്ന് വ്യവസായികള്‍

വ്യവസായ രംഗത്ത് അടുത്ത കാലത്തായി കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തി വ്യവസായ സെമിനാര്‍. സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട വ്യവസായ സൗഹൃദ നയങ്ങളും നടപടികളും ഈ മേഖലയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പുരോഗതി കൈവരിക്കാന്‍ സഹായകമായതായി കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന സെമിനാറില്‍ സംസാരിച്ച പാനലിസ്റ്റുകളും വ്യവസായികളും സാക്ഷ്യപ്പെടുത്തി. കേരളത്തിലാരംഭിച്ച് ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറിയ ഒട്ടേറെ കമ്പനികളുടെ വിജയകഥകള്‍ പലരും പങ്കുവെച്ചു.

വ്യവസായ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനുള്ള അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് ആമുഖ പ്രഭാഷണത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സാങ്കേതിക മേഖലാ വ്യവസായങ്ങളുടെ വലിയ വളര്‍ച്ചയിലേക്ക് കേരളം നീങ്ങുകയാണ്. 2022ല്‍ ആരംഭിച്ച 'സംരംഭക വര്‍ഷം' പദ്ധതിയിലൂടെ 1.4 ലക്ഷത്തോളം സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനായി. ഇതില്‍ 45000 ത്തോളം വനിതാ സംരംഭകരുടേതായിരുന്നു. ഇതുവഴി 8422 കോടി രൂപയുടെ നിക്ഷേപമുണ്ടായി. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

100 കോടി രൂപ വിറ്റുവരവുള്ള 1000 സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കുകയാണ് വകുപ്പിന്റെ 'മിഷന്‍ 1000' പദ്ധതിയുടെ ലക്ഷ്യം.  ഇന്ത്യയിലെ ആദ്യത്തെ ഗ്രഫീന്‍ ഉത്പാദന കേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കാനായത് വലിയ നേട്ടമാണ്. പൊതുമേഖല സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് 9000 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായിക്കഞ്ഞു. സംസ്ഥാനത്ത് 15 സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കാണ് ഇതിനകം അനുമതി നല്‍കിയത്. ഡിസംബറോടെ 15 എണ്ണത്തിന് കൂടി അനുമതി നല്‍കും. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ കേരളത്തിന്റെ വ്യവസായ കുതിപ്പില്‍ പുതിയ നാഴികക്കല്ലായി മാറുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായങ്ങള്‍ക്കായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുതകുന്നതും നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതുമായ വ്യവസായങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം. അതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ വൈവിധ്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ 100 പേരെ റിക്രൂട്ട് ചെയ്ത് തുടങ്ങിയ ഐബിഎം, രണ്ടാം വര്‍ഷം തന്നെ 1800 പേരെയാണ് റിക്രൂട്ട് ചെയ്തത്. ഇതില്‍ 200 പേര്‍ അമേരിക്കയിലും ബാംഗ്ലൂരിലും ജോലി ചെയ്യുകയായിരുന്ന മലയാളികളാണ്.  ചികില്‍സാ ഉപകരണ നിര്‍മാണ രംഗത്തെ രാജ്യത്തെ ആകെ വിറ്റുവരവിന്റെ 20 ശതമാനം കേരളത്തില്‍ നിന്നാണ്. എഫ്.എ.സി.ടിയില്‍ 1600 കോടിയുടെ നിക്ഷേപം വരുന്നതും കൊച്ചിന്‍ഷിപ്പ് യാര്‍ഡിന് പുതിയ ഓര്‍ഡര്‍ ലഭിച്ചതും വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതും വലിയ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു.

സെമിനാറില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ വ്യവസായികളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റേതെന്ന് ഒ/ഇ/എന്‍ ഇന്ത്യ ലിമിറ്റഡ് തലവന്‍ പമേല അന്ന മാത്യു പറഞ്ഞു. നവീന ആശയങ്ങള്‍ നടപ്പാക്കുന്നതിന് വലിയ പ്രോത്സാഹനമാണ് കേരള സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നതെന്ന് ടെറുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ബോര്‍ഡ് ചെയറുമായ ചേതന്‍ മകം പറഞ്ഞു. 1996ല്‍ ബോംബെയില്‍ ആരംഭിച്ച തങ്ങളുടെ സ്ഥാപനം സംസ്ഥാനത്തെ അനുകൂല ഘടകങ്ങള്‍ പരിഗണിച്ച് കേരളത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഗപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു. ആധുനികചികിത്സാ ഉപകരണ നിര്‍മാണ രംഗത്ത് കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളീയം വെറുമൊരു ആഘോഷം മാത്രമല്ലെന്നും സുസ്ഥിരവികസന പാതയില്‍ കേരളം താണ്ടിയ അതിശയസഞ്ചാരത്തിന്റെ സാക്ഷ്യമാണെന്നും നീറ്റ ജെലാറ്റിന്‍ ലിമിറ്റഡ് ടെക്നിക്കല്‍ ഡയറക്ടര്‍ ഷിന്യ തകഹാഷി അഭിപ്രായപ്പെട്ടു. പരസ്പര ആദരവില്‍ അധിഷ്ഠിതമായ ആഴമേറിയ ബന്ധമാണ് കേരളവും ജപ്പാനും തമ്മിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യ, കാര്‍ഷികോത്പന്ന സംസ്‌കരണം, ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, വൈദ്യശാസ്ത്ര ഉപകരണ നിര്‍മാണം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്ന് ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫ. ജയന്‍ ജോസ് തോമസ് പറഞ്ഞു. സര്‍ക്കാരിനൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായ മേഖലയും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ വലിയ കുതിപ്പിന് അത് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത സാങ്കേതിക വിദ്യ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ് കേരളമെന്ന് കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം സ്‌പെഷ്യല്‍ ഓഫീസര്‍ സി പത്മകുമാര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള 30 ലധികം ചികില്‍സാ ഉപകരണ നിര്‍മാണ കമ്പനികള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെല്‍ട്രോണ്‍ കണ്ണൂരില്‍ സ്ഥാപിക്കുന്ന സൂപ്പര്‍ കപ്പാസിറ്റര്‍ പ്ലാന്റ് ഇന്ത്യയിലാദ്യത്തേതാണെന്ന് കെല്‍ട്രോണ്‍ എം ഡി എന്‍. നാരായണ മൂര്‍ത്തി പറഞ്ഞു. സ്വകാര്യസംരംഭകരുമായി ചേര്‍ന്ന് ഉടന്‍ തന്നെ സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ ഗോപിനാഥന്‍, എഫ്.എ.സി.ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കിഷോര്‍ റുങ്ത, ഇന്ത്യന്‍ മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍പേഴ്‌സണ്‍ നബോമിത മസുന്ദര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍സ് ചെയര്‍മാന്‍ ജോണ്‍ ചാക്കോ, എച്ച്എംഎല്‍ പ്ലാന്റേഷന്‍സ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ധര്‍മ്മരാജ് തുടങ്ങിയവരും സെമിനാറില്‍സംസാരിച്ചു.

date