Skip to main content

കട്ടപ്പനയിൽ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

*5000 ലേറെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കും

കട്ടപ്പനയിൽ വിദ്യാഭ്യാസഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന വര്‍ണ്ണാഭമായ സാംസ്‌കാരിക റാലിയോടെയാണ് കലോത്സവത്തിന് തിരിതെളിഞ്ഞത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയിൽ സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
നവംബര്‍ 13,14,15 തീയതികളിലായി നടക്കുന്ന കലോത്സവത്തില്‍ ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളുടെ കീഴില്‍ വരുന്ന 74 സ്‌കൂളുകളില്‍ നിന്നായി 5000 ലേറെ കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും. ഹയർ സെക്കണ്ടറി വിഭാഗത്തില്‍ 79, ഹൈസ്‌കൂൾ വിഭാഗത്തില്‍ 99, യുപി വിഭാഗത്തില്‍ 38, എല്‍.പി വിഭാഗത്തില്‍ 18 ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മത്സരിക്കുക.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ റിന്റമോള്‍ വര്‍ഗീസ്, ജെസ്സി തോമസ്, റെനി റോയി , സോണി ചോള്ളാമഠം, ചിഞ്ചുമോള്‍ ബിനോയ്, ജോസ് തൈചേരി, ജെ ജോണ്‍, ഷെര്‍ലി ജോസഫ്, ഷെര്‍ലി തോമസ്, അജയന്‍ എന്‍ ആര്‍, ചെറിയാന്‍ കട്ടക്കയം, റീന സണ്ണി, പ്രഹ്ലാദന്‍ എം, ജിന്റുബിനോയി, ഷൈനി മാവേലില്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, കെ എ എസ് ഡി ഇ ഒ മണികണ്ഠന്‍ പി കെ, ഹയര്‍ സെക്കന്ററി ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോസഫ് മാത്യു, ഹൈസ്‌കൂള്‍ എച്ച്.എം മധു കെ ജയിംസ്, എല്‍പി എച്ച്.എം വിജി മാത്യു, പിടിഎ പ്രസിഡന്റുമാര്‍, തങ്കമണി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.യു. ആന്റണി കാച്ചപ്പള്ളി, തങ്കമണി ആപ്‌ക്കോസ് പ്രസിഡന്റ് പി.ഡി സത്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date