Skip to main content

വൈപ്പിൻ മണ്ഡല സദസ് ചരിത്ര സംഭവമാക്കി മാറ്റണം: മന്ത്രി പി. രാജീവ്

 

വൈപ്പിൻ മണ്ഡലംതല സംഘാടക സമിതിയുടെ ആദ്യ യോഗം ചേർന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിൻ മണ്ഡലത്തിലെത്തുന്ന നവകേരള സദസ് ചരിത്ര സംഭവമാക്കി മാറ്റണമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള വൈപ്പിൻ മണ്ഡലത്തിൽ വലിയ ജനപങ്കാളിത്തത്തോടെ പരിപാടി വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 

വൈപ്പിൻ മണ്ഡലംതല സംഘാടക സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി സഭ ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ് ജനാധിപത്യത്തിൻ്റെ വികസിത രൂപമാണ്. പരിപാടി വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകൾ, സാമുദായിക സംഘടനകൾ, ക്ലബുകൾ , സാംസ്കാരിക സംഘടനകൾ, ലൈബ്രറികൾ, മഹിളാ സംഘടനകൾ, കർഷക സംഘങ്ങൾ, വ്യാപാരി വ്യവസായി സമിതികൾ, വിദ്യാർഥികൾ, യുവജന സംഘടനകൾ, സ്കൂൾ കോളജ് പിടിഎകൾ, ഹരിത കർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യ മേഖല തൊഴിലാളികൾ തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള ജനങ്ങളെയും ഇതിൽ പങ്കാളികൾ ആക്കണമെന്നും മന്ത്രി പറഞ്ഞു. 

നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ. എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പതിനയ്യായിരം പേർ നവകേരള സദസിൽ പങ്കെടുക്കുമെന്ന് എംഎൽഎ പറഞ്ഞു. മണ്ഡലത്തിൽ പ്രചരണ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ പ്രചരണത്തിനായി കൂടുതൽ മാർഗങ്ങൾ അവലംബിക്കും. ഇതിനായി സമൂഹ മാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കും. ഡിസംബർ 4,5 തീയതികളിൽ വിളംബര ജാഥകൾ നടത്തുമെന്നും എംഎൽഎ പറഞ്ഞു.

സംഘാടക സമിതി ജനറൽ കൺവീനർ എസ് മഹേഷ്, വൈസ് ചെയർമാൻ എ.പി പ്രിനിൽ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, മുനമ്പം ഡിവൈഎസ്പി എം.കെ മുരളി, പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date