Skip to main content

ശിശുദിനത്തിൽ കരുതലിന്റെ സ്‌നേഹ തണലിൽ രണ്ട് വിദ്യാർത്ഥികൾ

ഈ വർഷത്തെ ശിശുദിനം രണ്ടാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളായ അനസ്യ അജയന്റെയും അശ്വതിയുടെയും ജീവിതത്തിൽ കരുതലിന്റെയും സ്‌നേഹത്തിന്റെയും തണൽ വിരിച്ച ദിവസമാണ്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് ഇരുവരും. വിതുര ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയായ അനസ്യ അജയന്റെയും വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയായ അശ്വതിയുടെയും സ്വപ്‌നഭവനത്തിന്റെ താക്കോൽദാനം, ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സഹജീവിയോട് കരുതലും കനിവും പുലർത്തി ഒരു നല്ല മനുഷ്യനായി മാറുകയെന്നതുകൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാലയങ്ങളും തദ്ദേശസ്ഥാപനങ്ങളും ഇത്തരം മാതൃകകൾ പിന്തുടരുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അച്ഛന്റെ വിയോഗത്തെ തുടർന്ന് അനസ്യയുടെ വീട് സന്ദർശിച്ച അധ്യാപകരും സുഹൃത്തുക്കളുമാണ് സുരക്ഷിതത്വമുള്ള വീടിന്റെ ആവശ്യകത മനസിലാക്കുന്നത്. തുടർന്ന് വിതുര വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീം മുൻകൈയെടുത്ത് എട്ട് ലക്ഷം രൂപ ചെലവഴിച്ച് പുതിയ വീട് പണിതു നൽകി. സ്‌കൂൾ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി സ്വരൂപീച്ച തുകയോടൊപ്പം, അധ്യാപകരുടെയും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സ്‌നേഹവിഹിതം കൂടി ചേർന്നതോടെ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പച്ചയിൽ അനസ്യക്ക് സ്വപ്‌നഭവനം ഉയർന്നു. 100 ദിവസത്തിനുള്ളിലാണ് പണി പൂർത്തിയാക്കിയത്.

പൂവച്ചൽ ആലുംകുഴി സ്വദേശിനിയായ അശ്വതിയുടെ വീടിന്റെ ശോച്യാവസ്ഥ നേരിൽ കണ്ട സ്‌കൂൾ അധികൃതർ, പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പുതിയ വീട് നിർമിക്കുകയായിരുന്നു. സ്‌കൂൾ പി.ടി.ഐ മുൻകൈയെടുത്ത് 57 ദിവസത്തിനുള്ളിലാണ് വീട് പണി പൂർത്തിയാക്കിയത്. 10 ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവായത്.

വിതുര ഗവൺമെന്റ് വി.എച്ച്.എസ് സ്‌കൂളിലെ രംഗവേദി ഓഡിറ്റോറിയത്തിലും പൂവച്ചൽ ആലുംകുഴിയിലുമായി നടന്ന താക്കോൽദാന ചടങ്ങുകളിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, വെള്ളനാട് സ്‌കൂൾ പ്രിൻസിപ്പാൾ രാജശ്രീ കെ.എസ്, വിതുര സ്‌കൂൾ പ്രിൻസിപ്പാൾ മജ്ജുഷ.എ.ആർ, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺകുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

date