Skip to main content

സാധ്യത തുറന്നിട്ട് 'മീറ്റ് ദ ഫ്യൂച്ചര്‍'; അഴീക്കോടിന് വേണം മാരിടൈം ബോര്‍ഡ് പഠന കേന്ദ്രം

മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള അഴീക്കോട് മണ്ഡലത്തില്‍ മാരിടൈം ബോര്‍ഡിന്റെ പഠന കേന്ദ്രം ആരംഭിച്ചാല്‍ വികസന സാധ്യത വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. മണ്ഡലം നവകേരള സദസിന്റെ ഭാഗമായി നടന്ന 'മീറ്റ് ദ ഫ്യൂച്ചര്‍' സംരംഭക-നിക്ഷേപക സംഗമത്തിലാണ് ഈ ആശയം ഉയര്‍ന്നത്.
തീരദേശത്തുള്ള കൂടുതല്‍ പേരും മത്സ്യബന്ധന തൊഴിലാണ് ചെയ്യുന്നത്. മാരിടൈം ബോര്‍ഡ് പഠന കേന്ദ്രം ആരംഭിച്ചാല്‍ വിവിധ കോഴ്സുകള്‍ പഠിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടും. മണ്ഡലത്തിലെ വ്യവസായികളുടെ വരുമാനം വര്‍ധിപ്പിക്കാനായാല്‍ തൊഴിലവസരങ്ങള്‍ കൂടും. തുറമുഖം വഴി കയറ്റുമതി സാധ്യത വര്‍ധിപ്പിച്ചാല്‍ പ്ലൈവുഡ് മേഖല കൂടുതല്‍ വളരുമെന്ന് പ്ലൈവുഡ് അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. മറയിന്‍ പ്രൊസസിങ്ങ് യൂണിറ്റ് തുടങ്ങണമെന്ന ആഭിപ്രായമാണ് ചേമ്പര്‍ ഓഫ് പ്രതിനിധി വിനോദ്കുമാര്‍ പറഞ്ഞത്. വളപട്ടണം പുഴ, പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി കയാക്കിങ്ങ്, ചാല്‍ ബീച്ച് എന്നിവ ടൂറിസം സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും കൈത്തറി പ്രദര്‍ശന സാധ്യത പരിശോധിക്കണമെന്നും ടൂറിസം വകുപ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സി ശ്രീനിവാസന്‍ വ്യക്തമാക്കി. തുറമുഖ വികസനം മലബാറിന്റെ വികസനത്തിനു തന്നെ മുതല്‍കൂട്ടാകുമെന്ന് ചേമ്പര്‍ പ്രസിഡണ്ട് വിനോദ് നാരായണന്‍ പറഞ്ഞു.
2030 വരെയുള്ള മണ്ഡലത്തിന്റെ വികസന സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതിലൂടെ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ഭാവി പദ്ധതികള്‍ നടപ്പാക്കുക.
ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പരാതികളില്ലാതെ സംരംഭങ്ങളും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, പോര്‍ട്ട് പ്രതിനിധി ദീപന്‍ കുമാര്‍ എന്നിവരും വിഷയാവതരണം നടത്തി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, മുന്‍ എം എല്‍ എ പ്രകാശന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി, കെ അജീഷ്, എ വി സുശീല, കെ രമേശന്‍, സന്തോഷ് ട്രോഫി അസി. കോച്ച് ബിനീഷ് കിരണ്‍, നവകേരള സദസ് മണ്ഡലം നോഡല്‍ ഓഫീസര്‍ ടി ജെ അരുണ്‍, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍, പി ചന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസേഥര്‍, സംരംഭകര്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date