Skip to main content

നവകേരള സദസ്: ഇരിക്കൂറില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിക്കൂര്‍ മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോസഫ് കാവനാടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 20നു ശ്രീകണ്ഠപുരം ബസ് സ്റ്റാന്റ് പരിസരത്തു നടക്കുന്ന നവകേരള സദസില്‍ 185 ബൂത്തുകളില്‍ നിന്നുമായി 15000 ആളുകള്‍ പങ്കെടുക്കും. പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കും. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ക്കും പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. ഇതിനുപുറമേ ജനറലായി അഞ്ചു കൗണ്ടറുകള്‍ സജ്ജമാക്കും. ഉച്ചക്ക് രണ്ടുമുതല്‍ പരാതികള്‍ സ്വീകരിച്ച് രസീത് നല്‍കുന്നതാണെന്നും ഫാ. ജോസഫ് കാവനാടിയില്‍ പറഞ്ഞു.
നവകേരള സദസുമായി ബന്ധപ്പെട്ട് ഒമ്പത് പഞ്ചായത്ത് മുന്‍സിപ്പല്‍തല സംഘാടക സമിതിയും 184 ബൂത്ത് സംഘാടക സമിതിയും നിലവില്‍ വന്നു.
16നു ജില്ലാ കമ്പവലി മത്സരം നടുവിലും മാപ്പിളപ്പാട്ട്, മൈലാഞ്ചി ഇടല്‍ മത്സരം ഇരിക്കൂറിലും നടക്കും. 17നു ശ്രീകണ്ഠപുരത്ത് നടക്കുന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയും പോസ്റ്റര്‍ രചനയും പ്രശസ്ത ചിത്രകാരന്‍ എബി എന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാതല കൈകൊട്ടിക്കളി മത്സരം ചെങ്ങളായി പഞ്ചായത്തിലെ ചുഴലിയില്‍ നടക്കും. 18നു ശ്രീകണ്ഠപുരത്ത് വൈകുന്നേരം വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് ശ്രീകണ്ഠപുരം ടൗണില്‍ മെഗാ തിരുവാതിരയും നടക്കും. എസ്ഇഎസ് കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബും ഒരുങ്ങുന്നുണ്ട്. ഇതേദിവസം ജില്ലാതല നാടന്‍പാട്ട് മത്സരം-ഉളിക്കലില്‍ നടക്കും. 17, 18, 19 തീയ്യതികളില്‍ വിവിധ ടൗണുകളില്‍ ഫ്ളാഷ് മോബ് പര്യടനം നടത്തും. എല്ലാ പഞ്ചായത്ത് സംഘാടക സമിതികളുടെയും നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് എന്നിവര്‍ പങ്കെടുത്തു.

date