Skip to main content

ജില്ലയില്‍ പൂര്‍ത്തിയായത് 7057 സദസുകള്‍; പങ്കെടുത്തത് 2.89 ലക്ഷം പേര്‍, സംവാദ വേദികളായി വീട്ടുമുറ്റ സദസുകള്‍

ജനങ്ങളെ കേള്‍ക്കാനും അവരോട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പറയാനുമായി ജില്ലയില്‍ നടന്നത് 7057 വീട്ടുമുറ്റസദസുകള്‍. നവകേരള സദസിന്റെ ഭാഗമായാണ് സംവാദവേദി ഒരുക്കുന്നത്. തദ്ദേശ സ്ഥാപനതലത്തിലും വാര്‍ഡ്, ബൂത്ത് തലത്തിലുമുള്ള സംഘാടക സമിതികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ 11 മണ്ഡലങ്ങളിലായി 8508 സദസുകളാണ് ലക്ഷ്യം.
ജനാഭിപ്രായം കേള്‍ക്കാനും വികസന കാര്യങ്ങള്‍ വിശദീകരിക്കാനും വേദിയൊരുങ്ങിയതോടെ പങ്കാളിത്തം കൊണ്ട് ജനകീയമാവുകയാണ് ഈ സദസ്സുകള്‍.
സര്‍ക്കാരിന്റെ വികസന കാര്യങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും വിശദീകരിക്കുക, ജനാഭിപ്രായം അറിയുക, സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച സംശയ നിവാരണം, പരാതികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. 25 കുടുംബത്തിന് ഒരു സദസ്സ് എന്ന നിലയിലാണ് ഇത് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ആശയ വിനിമയത്തിന് എത്തുന്നത്. 40 മുതല്‍ 150 വരെയാണ് ഓരോയിടത്തെയും പങ്കാളിത്തം.
കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ഇവ പൂര്‍ത്തിയായി. കൂത്തുപറമ്പില്‍ 172 ബൂത്തുകളിലായി നടന്ന 813 സദസുകളില്‍ 32000 പേര്‍ പങ്കെടുത്തു. പയ്യന്നൂരില്‍ 180 ബൂത്തുകളിലെ 668 ഇടങ്ങളിലായി 14170 പേരെത്തി. കല്ല്യാശ്ശേരിയില്‍ 170 ബൂത്ത്തല യോഗങ്ങള്‍ നടന്നു. 1000ല്‍ 800 സദസുകള്‍ പൂര്‍ത്തിയായപ്പോള്‍ 35000 പേര്‍ ഇതിന്റെ ഭാഗമായി. തളിപ്പറമ്പില്‍ വന്‍ജനപങ്കാളിത്തമാണുണ്ടായത്. 195 ബൂത്തുകളിലെ 780 യോഗങ്ങളില്‍ 40000 പേരാണ് സര്‍ക്കാരിനെ കൂടുതല്‍ അറിയാന്‍ എത്തിയത്. ഇരിക്കൂറില്‍ 185 ബൂത്ത്തല യോഗങ്ങള്‍ നടന്നു. 900 സദസുകളില്‍ 630 എണ്ണം പൂര്‍ത്തിയായി. 32500 പേര്‍ പങ്കെടുത്തു. അഴീക്കോട് 154 ബൂത്തുകളിലെ 610 യോഗങ്ങളിലായി 18000 പേരെത്തി. 770 സദസുകളാണ് ഇവിടെ നടത്തുക. കണ്ണൂരില്‍ 149 ബൂത്തുകളില്‍ 700 യോഗങ്ങളിലായി 35000 പേര്‍ പങ്കെടുത്തു. 750 സദസുകളാണ് ഇവിടെ നടത്തുക. തലശ്ശേരിയില്‍ 200 ബൂത്തുകളിലായി 452ല്‍ 400 കുടുംബ സദസുകളും പൂര്‍ത്തിയായി. 25000 പേര്‍ പങ്കെടുത്തു. ധര്‍മ്മടത്ത് 164 ബൂത്തുകളില്‍ 820 സദസുകള്‍ നടത്തും. ഇതില്‍ 550 എണ്ണം നടന്നപ്പോള്‍ 25000 പേരുടെ പങ്കാളിത്തമുണ്ടായി. മട്ടന്നൂരില്‍ 169 ബൂത്തുകളിലായി 811 സദസുകളാണ് ലക്ഷ്യം. 632 എണ്ണം നടന്നപ്പോള്‍ 19000 പേര്‍ പങ്കെടുത്തു. പേരാവൂരില്‍ 158 ബൂത്തുകളിലായി 744 സദസുകളാണ് ലക്ഷ്യം. അതില്‍ 474 എണ്ണം നടന്നു. 14220 പേര്‍ പങ്കെടുത്തു. ബാക്കിയുള്ളവ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

 

date