Skip to main content

നവകേരള സദസ്സ്: തവനൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് തവനൂർ മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡോ. കെ.ടി ജലീൽ എം.എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു. നവംബർ 27ന്  വൈകീട്ട് മൂന്നിന് എടപ്പാൾ സഫാരി പാർക്കിലാണ് സദസ്സ് നടക്കുന്നത്. അന്നേദിവസം രാവിലെ ഒമ്പതിന് തിരൂരിലെ ബിയാൻകോ കാസിലിൽ നടക്കുന്ന പ്രഭാത സദസ്സോടെ ജില്ലയിലെ പര്യടനത്തിന് തുടക്കമാവും. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും താലൂക്ക് തല അദാലത്തുകൾ, മേഖലാ അവലോകന യോഗങ്ങൾ എന്നിവ പൂർത്തിയാക്കിയതിന്റെ അടുത്തഘട്ടമായാണ് നിയോജക മണ്ഡലംതല നവകേരള സദസ്സുകൾ.
പരാതികൾ സ്വീകരിക്കുന്നതിനും അയ്യായിരം പേർക്ക് ഇരിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളാണ് സഫാരി പാർക്കിൽ ഒരുക്കുന്നത്. പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളാണ് ഒരുക്കുന്നത്. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. പൊതുജനങ്ങളുടെ സൗകര്യാർത്ഥം രാവിലെ പത്ത് മുതൽ തന്നെ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തനം തുടങ്ങും. പൊതുപരിപാടികൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിക്കുന്നത് വരെ കൗണ്ടറുകൾ തുറന്നിരിക്കും. കുടിവെള്ളം, ഇ-ടോയ്ലറ്റ് സംവിധാനം ഉൾപ്പടെ അത്യാവശ്യ സൗകര്യങ്ങളും ഉറപ്പ് വരുത്തും. സദസ്സിന് മുന്നോടിയായി എടപ്പാൾ വിശ്വം നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  ചേർന്ന  യോഗത്തിൽ മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്, മുനിസിപ്പൽ  കൺവീനർമാർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date